by-election

തിരുവനന്തപുരം സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 27 വാർഡുകളിൽ കഴിഞ്ഞ ദിവസം നടന്ന ഉപതിര‌ഞ്ഞെടുപ്പിന്റെ ഫലം പുറത്ത്. തിരുവനന്തപുരത്ത് എൽ.ഡി.എഫിന് നാലു സീറ്റുകൾ നഷ്ടമായി. അതിൽ മൂന്നെണ്ണം യു.ഡി.എഫും ഒരെണ്ണം ബി.ജെ.പിയും പിടിച്ചെടുത്തു.

കൊല്ലം ജില്ലയിലെ കുളക്കട പഞ്ചായത്തിലെ മലപ്പാറ യു.ഡി.എഫ് സിറ്റിംഗ് സീറ്റ് എൽ.ഡി.എഫ് പിടിച്ചെടുത്തു. എറണാകുളം മുളന്തുരുത്തി പഞ്ചായത്തിലെ 13ാം വാർഡും കളമശ്ശേരി നഗരസഭയിലെ 32ാ വാർഡും യു.ഡി.എഫ് നിലനിർത്തി. തൃശൂർ ജില്ലയിലെ കുഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിത കൃഷ്ണ വിജയിച്ചു.

പാലക്കാട് ജില്ലയിലെ ആറ് വാര്‍ഡുകളില്‍ നാലിടത്ത് എല്‍ഡിഎഫിന് ജയം. പാലക്കാട് നഗരസഭയിലെ 17ാം വാര്‍ഡും ഷൊര്‍ണൂര്‍ നഗരസഭയിലെ 17ാം വാര്‍ഡും യുഡിഎഫ് നിലനിര്‍ത്തി. പല്ലശന മഠത്തില്‍ക്കളം ആറാം വാര്‍ഡ്, തെങ്കര പഞ്ചായത്തിലെ 12ാം വാര്‍ഡ്, നെല്ലിയാമ്പതിയിലെ പുലയമ്പാറയിലെ ഒന്നാം വാര്‍ഡ്, പൂങ്കോട്ട് കാവ് പഞ്ചായത്തിലെ 12ാം വാര്‍ഡ് എന്നിവയിലാണ് എല്‍ഡിഎഫ് ജയിച്ചത്.

മലപ്പുറം ജില്ലയിലെ മങ്കട പഞ്ചായത്തിലെ കോഴിക്കോട്ട് പറമ്പ് വാർഡ് എൽ.ഡി.എഫ് നിലനിർത്തി. നന്നംമുക്ക് പഞ്ചായത്തിലെ പെരുമ്പാൾ 12ാം വാർഡ് യു.ഡി.എഫ് നിലനിർത്തി. കോഴിക്കാട് ജില്ലയിലെ കോട്ടൂർ പഞ്ചായത്തിലെ 17ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും,​ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ പൂവാട്ടുപറമ്പ് ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയും വിജയിച്ചു. കാസർകോഡ് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ നാലാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി.