കണ്ണൂർ: കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സുമ ബാലകൃഷ്‌ണൻ വിജയിച്ചു. ഇതോടെ കോർപറേഷൻ ഭരണം യു.ഡി.എഫിന്റെ കൈകളിലായി. കെ.പി.സി..സി ജനറൽ സെക്രട്ടറിയും കിഴുന്ന വാർഡ് അംഗവുമാണ് സുമാ ബാലകൃഷ്‌ണൻ. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗമായും ചേലോറ ഗ്രാമപഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ മേയറും മേലെചൊവ്വ വാർഡ് അംഗവുമായ ഇ.പി. ലതയാണ് ഇടതുമുന്നണി സ്ഥാനാർത്ഥി. എന്നാൽ 55 അംഗ കൗൺസിലിൽ 28 പേരുടെ പിന്തുണയോടെ സുമ മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇ.പി ലതയ്‌ക്ക് 25 വോട്ടുകൾ ലഭിച്ചു. 26 പേരുടെ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഒരാളുടെ വോട്ട് അസാധുവാക്കപ്പെട്ടു.
എടക്കാട് വാർഡിലെ കൗൺസിലർ കുട്ടികൃഷ്ണൻ അടുത്തിടെ മരണമടഞ്ഞതോടെയാണ് 55 അംഗ കൗൺസിലിൽ 27 അംഗങ്ങളുണ്ടായിരുന്ന എൽ.ഡി.എഫിന്റെ വോട്ട് 26 ആയി കുറഞ്ഞത്. പിന്നാലെ കെ.സുധാകരൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് എൽ.ഡി.എഫിനെ പിന്തുണച്ചിരുന്ന ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് യു.ഡി.എഫ് പാളയത്തിലെത്തി. തുടർന്ന് യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം രാഗേഷ് പിന്തുണച്ചതോടെയാണ് എൽ.ഡി.എഫിന് ഭരണം നഷ്‌ടമായത്. ഇനിയുള്ള ഒന്നേകാൽ വർഷത്തെ കാലയളവിൽ ആദ്യ ആറ് മാസം കോൺഗ്രസിലെ സുമാ ബാലകൃഷ്ണനും പിന്നീട് മുസ്ലിംലീഗിലെ സി. സീനത്തും മേയറാകണമെന്ന ധാരണ നിലവിലുണ്ട്. പി.കെ. രാഗേഷ് ഡെപ്യൂട്ടി മേയർ സ്ഥാനത്ത് തുടരുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ പറഞ്ഞു. അതിനിടെ രാഗേഷിനെതിരെ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പാസായിരുന്നില്ല.