തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വർണവില 29,000 രൂപ കടന്നു. സംസ്ഥാനത്ത് പവന് 29,120 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് ഒരു ദിവസം കൊണ്ട് വർദ്ധിച്ചത്. ഗ്രാമിന് 3,640 രൂപയാണ് ഇന്നത്തെ നിരക്ക്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
543 ഡോളറാണ് ഇന്നത്തെ നിരക്ക്. 90 പൈസ ഇടിഞ്ഞ് ഒരു യുഎസ് ഡോളറിനെതിരെ 72.27 ആണ് രൂപയുടെ മൂല്യം. അമേരിക്കയിലെ സാമ്പത്തിക വ്യാപാര യുദ്ധം കനക്കുന്നതാണ് ആഗോള വിപണിയിൽ സ്വർണവില ഉയരാൻ കാരണം. ഓണം, വിവാഹ സീസൺ എന്നീ സാഹചര്യങ്ങളും സ്വർണ വില കുതിച്ചുയരാൻ മറ്റൊരു കാരണമായി. കഴിഞ്ഞ ഒരു വർഷത്തിനിടെ 20 ശതമാനം വർദ്ധനയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.
ആഗസ്റ്റ് അവസാനത്തോടെയാണ് സ്വർണം ആദ്യമായി 28,000 രൂപ കടന്നത്. പിന്നീട് സ്വർണ വില താഴേക്ക് പോയില്ല. യു.എസ്-ചൈന വ്യാപാര യുദ്ധവും ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയും വിലക്കയറ്റത്തിന്റെ ആക്കം കൂട്ടി. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് മടങ്ങിയെത്തുന്നുണ്ട്. സ്വർണ വില ഇനിയും ഉയരാൻ സാദ്ധ്യയതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.