pak

ഇസ്ലാമാബാദ്: ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രകോപനപരമായ രീതിയിലാണ് പാകിസ്ഥാൻ ഭരണകൂടം പ്രതികരിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രതികരണത്തിനെതിരെ ഇന്ത്യ നിരവധി തവണ രംഗത്തെത്തിയിരുന്നു. കൂടാതെ പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും കലാകാരന്മാരും ഇന്ത്യയ്ക്കെതിെര മോശം പരാമർശവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യയിലെ ജനങ്ങൾക്കെതിരെയും ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ഗായിക റബി പിർസാദ. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഗായികയുടെ ഭീഷണി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങളിലൊന്നാണിതെന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് നരേന്ദ്ര മോദിയെ തന്റെ വിഷപ്പാമ്പ് അക്രമിക്കുമെന്ന് പിർസാദ വീഡിയോയിൽ പരോക്ഷമായി പറയുന്നു. താങ്കൾ നരകത്തിൽ വച്ച് മരിക്കാൻ തയ്യാറായിക്കോളണമെന്നും പിർസാദ വ്യക്തമാക്കുന്നു. കൂടാതെ തന്റെ വിഷപ്പാമ്പുകളെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് കടത്തിവിടുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കശ്മീരികളുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിർസാദ വീഡിയോയിൽ പങ്കുവയ്ക്കുന്നു .ഇതാദ്യമായല്ല പിർസാദ ഇത്തരത്തിൽ ഇന്ത്യയ്ക്കെതിരെ മോശം പരാമർശങ്ങൾ ഉന്നയിക്കുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.