arya-sayesha

ഭാവി വധുവിനെ കണ്ടെത്താനായി റിയാലിറ്റി ഷോ നടത്തി വിവാദങ്ങളുടെ തോഴനായ വ്യക്തിയാണ് തെന്നിന്ത്യൻ താരം ആര്യ. റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളിൽ ആരെയെങ്കിലും താരം ജീവിത സഖിയാക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ പ്രതീക്ഷകൾക്ക് വിപരീതമായി നടി സയേഷയയ്ക്കാണ് ആര്യ താലി ചാർത്തിയത്. അതും പ്രണയവിവാഹം.

ആര്യയും സയേഷയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത ആരാധകരിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ഇവരുടെ പ്രണയം എപ്പോൾ,​ എങ്ങനെ തുടങ്ങിയെന്നായിരുന്നു ആരാധകർക്ക് അറിയേണ്ടിയിരുന്നത്. ആര്യയും സയേഷയും ഒന്നിച്ച് അഭിനയിച്ച ഗജനികാന്ത് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് സമയത്താകാം പ്രണയം മൊട്ടിട്ടതെന്ന കണ്ടുപിടിത്തവും ആരാധകർ നടത്തി.

എന്നാൽ ഗജനികാന്തിന് ശേഷമാണ് സയേഷയുമായി പ്രണയത്തിലായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്യ.

'ഒന്നിച്ചഭിനയിക്കുന്ന സമയത്ത് ഞങ്ങൾക്കിടയിൽ പ്രണയമില്ല. ഗജനികാന്തിന് ശേഷമാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. എന്നേക്കാൾ ഒത്തിരി പ്രായം കുറവാണ് അവൾക്ക്. എന്നാൽ നല്ല പക്വതയുള്ള പെൺകുട്ടിയാണ് അവൾ. ഇത്രയും ചെറിയ പ്രായത്തിൽ എങ്ങനെ ഇത്രത്തോളം പക്വത അവൾക്ക് ഉണ്ടായെന്നോർത്ത് എനിക്ക് പലപ്പോഴും അദ്ഭുതം തോന്നാറുണ്ട്. അവളുടെ അമ്മ അവളെ അങ്ങനെയാമ് വളർത്തിയിരിക്കുന്നതെന്ന് തോന്നുന്നു'- ആര്യ പറഞ്ഞു.