കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി. കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിൽ പത്രിക സമർപ്പിക്കാനായി വരണാധികാരിക്ക് മുന്നിലെത്തി. താൻ കേരള കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയാണെന്ന തരത്തിലുള്ള കത്ത് ജോസഫ് കണ്ടത്തിൽ ഹാജരാക്കിയെന്നാണ് വിവരം. അങ്ങനെയാണെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നത്തിൽ മത്സരിക്കാനാവില്ല.അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണിയും കത്ത് നൽകിയിട്ടുണ്ട്.
ഏതെങ്കിലും തരത്തിൽ ജോസ് ടോമിന്റെ പത്രിക നിരസിച്ചാൽ പകരം ഒരു സ്ഥാനാർത്ഥിയെന്ന നിലയിലാണ് ജോസഫ് കണ്ടത്തിലിന്റെ പത്രികാ സമർപ്പണമെന്നാണ് ജോസഫ് ഗ്രൂപ്പ് നേതാക്കളുടെ വിശദീകരണം. പത്രികാ സമർപ്പണം സാങ്കേതികത്വം മാത്രമാണെന്നും ജോസ് ടോമിന്റെ പതിക്ര സ്വീകരിച്ചാൽ താൻ പിന്മാറുമെന്നും ജോസഫ് കണ്ടത്തിലും വിശദീകരിക്കുന്നു. പി.ജെ.ജോസഫ് അറിഞ്ഞുകൊണ്ടല്ല തന്റെ നീക്കം. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇദ്ദേഹത്തിനൊപ്പം പി.ജെ.ജോസഫിന്റെ പി.എയും അടുത്ത അനുയായികളും ഉണ്ടായിരുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
അതേസമയം, ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് മുമ്പ് കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാന്റെ കത്ത് ഹാജരാക്കിയില്ലെങ്കിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം നൽകില്ലെന്ന് ഉപവരണാധികാരി അറിയിച്ചിട്ടുണ്ട്. എന്നാൽ അവസാന നിമിഷവും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് ജോസഫിന്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ജോസഫുമായി ചർച്ച നടത്തിയെങ്കിലും ജോസഫ് വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായില്ല. ജോസ് ടോം സ്വതന്ത്രനായി മത്സരിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. രണ്ടില ചിഹ്നം അനുവദിച്ചില്ലെങ്കിൽ പൈനാപ്പിൾ, ഓട്ടോറിക്ഷ, ഫുട്ബോൾ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോം നൽകിയിരിക്കുന്നത്. കേരള കോൺഗ്രസ് എന്ന നിലയിൽ ഒന്നും സ്വതന്ത്ര്യ സ്ഥാനാർത്ഥിയെന്ന നിലയിൽ രണ്ടും പത്രികകളും ജോസ് ടോം സമർപ്പിച്ചിട്ടുണ്ട്.
അതേസമയം യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പി.ജെ.ജോസഫ് പ്രചാരണത്തിനിറങ്ങുമെന്ന് ജോസഫിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ജോസ്.കെ.മാണി വിഭാഗമാണ് കാര്യങ്ങൾ വഷളാക്കിയെന്നാണ് ജോസഫ് അനുകൂലികൾ ആരോപിക്കുന്നത്. ജോസ്.കെ.മാണിയും നിഷയും ഒഴികെ ആരും സ്ഥാനാർത്ഥിയായിക്കോട്ടെ എന്നായിരുന്നു പി.ജെ.ജോസഫിന്റെ നിലപാട്. മാണിയുടെ സീറ്രായതിനാൽ പാലാ അവർ തന്നെ എടുത്തോട്ടെ എന്നായിരുന്നു ജോസഫ് പറഞ്ഞിരുന്നത്. സ്ഥാനാർത്ഥി മാണി ഗ്രൂപ്പ് നിറുത്തുംചിഹ്നം തങ്ങൾ നൽകും എന്നതായിരുന്നു നിലപാട്. എന്നാൽ മാണിവിഭാഗത്തിന്റെ സ്ഥാനാർത്ഥിയായ ജോസ് ടോം തന്നെയാണ് ചിഹ്നം വേണ്ടെന്ന് പറഞ്ഞത്. അതോടെ ഇനി ചിഹ്നംകൊടക്കുന്ന പ്രശ്‌നമില്ലെന്നും ജോസഫ് വിഭാഗം നിലപാടെടുത്തു.