ഓണാവധി എവിടെ ചിലവഴിക്കും എന്നാണോ ചിന്തിക്കുന്നത്? എന്നാലിതാ ഒരു അടിപൊളി പ്ലാൻ. കുറഞ്ഞ ചിലവിൽ അടിപൊളി ട്രിപ് പോകാം. കോട്ടയം ജില്ലയിലെ ഫിഷ് വേൾഡ് അക്വാടൂറിസം വില്ലേജിലാണ് ഓണാവധി അടിച്ചുപൊളിക്കാനായി ട്രിപ്പ് ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിവലിൽ ഇവയൊക്കെ ആസ്വദിക്കണമെങ്കിൽ ഫാം ടൂറിസം രംഗത്ത് വ്യത്യസ്ത മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം.
മൂവാറ്റുപുഴയുടെ കൈവഴിയായി ഒഴുകുന്ന കാരിയാർ തീരത്ത് നിലകൊള്ളുന്ന സുന്ദരഭൂമിയിലേക്ക് വിദേശീയരും സ്വദശീയരുമടക്കം നിരവധിപേരാണ് എത്തുന്നത്. മുളയുടെ അലങ്കാര ഭംഗിയിൽ പണിതുയർത്തിയ ഫിഷ് വേൾഡ് അക്വാ ടൂറിസം സെന്ററിന് വിശേഷങ്ങൾ ഒരുപാടുണ്ട്. ഫിഷ് വേൾഡ് അടിസ്ഥാനപരമായി ഒരു ഫിഷ് ഫാം ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇവിടെ ആസ്വദിക്കാം. ഒരു വലിയ പബ്ലിക് അക്വേറിയം, കേരളത്തിലെ ഒരേയൊരു സമുദ്ര ഷെല്ലുകളുടെ മ്യൂസിയം, ആദ്യത്തെ ഫ്ലോട്ടിംഗ് സൈക്കിൾ ട്രാക്ക്, രുചികരമായ ഭക്ഷണം എന്നിവ ഫിഷ് വേൾഡിനെ വ്യത്യസ്തമാക്കുന്നു. ഫാമിനകത്ത് പലതരത്തിലുള്ള കായിക വിനോദപരിപാടികൾ സംഘടിപ്പിക്കപ്പെടുന്ന ചിൽഡ്രൻസ് പാർക്കും ഗെയിം സോണുമുണ്ട്.
കുട്ടവഞ്ചി, നാടൻ വള്ളം, കനോസ് എന്നിവ ഉൾപ്പെടുന്ന ബോട്ടിംഗ് എക്സ്പോഷറും ഫാമിനുള്ളിൽ ഉണ്ട്. ഫിഷ് വേൾഡിന് മനോഹരമായ ഒരു നീണ്ട നദീതീരമുണ്ട്, അവിടെ സന്ദർശകർക്ക് ചൂണ്ടയിടാനും അവിടെ തന്നെയുള്ള കുടിലുകളിൽ വിശ്രമിക്കുവാനും സൗകര്യമുണ്ട്. കരിമീൻ പൊള്ളിച്ചത്, കൊഴുവ ഫ്രൈ, ഞണ്ട് റോസ്റ്റ്, താറാവ് റോസ്റ്റ് എന്നിവയ്‌ക്കൊപ്പം നാടൻ ഊണും ബിരിയാണിയും ഫ്രൈഡ് റൈസും ഇവിടെ കിട്ടും. രാവിലെ 10.30 മുതൽ വൈകുന്നേരം 6 വരെയാണ് പ്രവർത്തനസമയം.