maruti

വാഹന വിപണിയിലെ മാന്ദ്യം പ്രകടമാക്കി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി രണ്ട് ദിവസത്തേക്ക് തങ്ങളുടെ ഉത്പാദനം നിറുത്തിവയ്‌ക്കുന്നു. ഗുരുഗ്രാമിലെയും മനേസറിലെയും പ്ലാന്റുകളാണ് ഈ വരുന്ന ഏഴിനും ഒമ്പതിനും അടച്ചിടുന്നത്. രണ്ട് പ്ലാന്റുകളും അടച്ചിട്ട് 'നോ പ്രൊഡക്ഷൻ ഡേ' ആചരിക്കാനുള്ള മാരുതിയുടെ തീരുമാനം ഓഹരി വിപണിയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 2.5 ശതമാനം വിലയിടിഞ്ഞ മാരുതിയുടെ ഓഹരികൾ ഇപ്പോൾ 5900 രൂപയ്‌ക്കാണ് വ്യാപാരം നടത്തുന്നത്. നേരത്തെ ഹ്യൂണ്ടായി, ടൊയോട്ട തുടങ്ങിയ കമ്പനികളും സമാന രീതിയിൽ ഉത്പാദനം നിറുത്തിവച്ചിരുന്നു.

ആഗസ്‌റ്റിൽ തുടർച്ചയായ ഏഴാം മാസവും മാരുതി തങ്ങളുടെ ഉത്പാദനം 33.99 ശതമാനം വെട്ടിക്കുറച്ചിരുന്നു. ജൂലായിൽ 168725 യൂണിറ്റുകൾ ഉത്പാദിപ്പിച്ച മാരുതി ആഗസ്‌റ്റിൽ 111370 യൂണിറ്റുകൾ മാത്രമാണ് ഉത്പാദിപ്പിച്ചത്. അതേസമയം, മാരുതിയുടെ വിൽപ്പനയിലും വൻ ഇടിവുണ്ടായെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഇതേകാലയളവിൽ മാരുതിയുടെ ചെറിയ കാറുകളായ ആൾട്ടോയും വാഗൺആറും 35895 യൂണിറ്റുകൾ വിറ്റപ്പോൾ, ഈ വർഷം അത് 10,123ആയി കുറഞ്ഞു. കോംപാക്‌ട് സെഗ്‌മെന്റിൽ പെട്ട സ്വിഫ്‌റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ,ഡിസൈർ തുടങ്ങിയ മോഡലുകളുടെ വിൽപ്പനയിൽ 23.96 ശതമാനം ഇടിവ് നേരിട്ടിരുന്നു. എന്നാൽ യൂറ്റിലിറ്റി വെഹിക്കിൾ വിഭാഗത്തിൽ പെടുന്ന വിറ്റാറ ബ്രെസ, എസ് ക്രോസ്, എർട്ടിഗ തുടങ്ങിയ മോഡലുകളുടെ വിൽപ്പന 3.1 ശതമാനം വർദ്ധിച്ചതായും കമ്പനിയുടെ കണക്കുകൾ പറയുന്നു.