mashroom-farming

കൂൺരുചിയിൽ കൊതിയൂറും മുമ്പ് അറിഞ്ഞു കൊള്ളുക, മനസും പരിശ്രമവുമുണ്ടെങ്കിൽ ചെറിയ മുതൽമുടക്കിൽ ആർക്കും ചെയ്യാവുന്നതേയുള്ളൂ കൂൺ കൃഷി. കൂൺ കൃഷിചെയ്യാൻ ഏറ്റവും നല്ലത് വൈക്കോലാണ്. കൂടാതെ അറക്കപ്പൊടി, ചകിരി, ഉണങ്ങിയ വാഴത്തട മുതലായവയിലും കൃഷി ചെയ്യാം. കൂൺ വളർത്താൻ ഉപയോഗിക്കുന്ന മാധ്യമം അണുവിമുക്തമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അത് രണ്ട് രീതിയിൽ ചെയ്യാം. തിളപ്പിച്ചോ രാസവസ്തു ഉപയോഗിച്ചുള്ള അണുനശീകരണമോ ആകാം.

വൈക്കോൽ 1216 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെക്കുക. കുതിർത്ത വൈക്കോൽ 45 മിനുട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ വെച്ച് പുഴുങ്ങിയെടുത്ത് അധികമായ ജലം വാർന്ന് പോകുന്നതിന് സജ്ജമാക്കുക. രാസവസ്തു ഉപയോഗിച്ചുള്ള അണുനശീകരണമാണെങ്കിൽ 50 മില്ലി ഫോർമാലിനും 8 ഗ്രാം കാർബെൻഡാസിമും 100 ലിറ്റർ വെള്ളത്തിൽ കലർത്തി അതിൽ വൈക്കോൽ 1012 മണിക്കൂർ മുക്കി വച്ചും അണുനശീകരണം നടത്താം.

ഇത്തരത്തിൽ അണുനശീകരണം നടത്തിയ വൈക്കോൽ നല്ല പോലെ വെള്ളം വാർത്തുകളഞ്ഞതിന് ശേഷം കവറിൽ നിറക്കാം. പിഴിഞ്ഞാൽ വെള്ളം തുള്ളിയായി ഇറ്റ് വീഴാത്ത പരുവത്തിലായാൽ വൈക്കോൽ എടുത്ത് വട്ടത്തിൽ ചുമ്മാടുകൾ (തിരിക) ആക്കി വെക്കുക. രണ്ട് അടി നീളവും ഒരടി വീതിയുമുള്ള പോളിത്തീൻ കവറുകളിൽ ഇവ നിറക്കാം. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേർത്തിടുക. അതിനു ശേഷം അടുത്ത അട്ടി വൈക്കോൽ കവറിൽ നിറക്കുക. ഒരു പിടി വിത്തെടുത്ത് വൈക്കോലിന് മുകളിലായി വശം ചേർത്തിടുക. വൈക്കോൽ നിറക്കുമ്പോൾ ഇടയിൽ വിടവ് വീഴാതിരിക്കാൻ കൈകൊണ്ട് അമർത്തി കൊടുക്കണം. ഇങ്ങനെ 4 ലെയർ വൈക്കോലിന് 4 പിടി വിത്ത് ഉപയോഗിച്ച് ഒരു കവർ നിറക്കാം. ശേഷം കൂൺബെഡ് പോളിത്തീൻ കവറിന്റെ തുറന്ന അറ്റം നൂലോ റബ്ബർബാൻഡോ ഇട്ട് കെട്ടിവെക്കണം. അതിനു ശേഷം ഡെറ്റോൾ ഉപയോഗിച്ച് തുടച്ച ഒരു സൂചി ഉപയോഗിച്ച് ഈ ബെഡിൽ 15 20 തുളകളുണ്ടാക്കുക. ശേഷം ഈ ബെഡ് വായുസഞ്ചാരമുള്ളതും അധികം വെളിച്ചം കടക്കാത്തതുമായ മുറിയിൽ ഉറിയിലോ മറ്റോ തൂക്കിയിടുക. 1520 ദിവസം കഴിയുമ്പോൾ കൂൺ തന്തുക്കൾ വളരാൻ തുടങ്ങും. ഈ സമയത്ത് ഡെറ്റോൾ ഉപയോഗിച്ച് തുടച്ച ഒരു ബ്ലേഡുപയോഗിച്ച് കൂൺ ബെഡിൽ ചെറിയ കീറലുകൾ ഉണ്ടാക്കിക്കൊടുക്കുക. തുടർന്ന് മുറിയിൽ വെളിച്ചം അനുവദിക്കുക. എല്ലാ ദിവസവും ചെറിയ ഹാൻസ്‌പ്രേയർ ഉപയോഗിച്ച് ഈ ബെഡുകൾ നനച്ചു കൊടുക്കണം. നലോ അഞ്ചോ ദിവസം കഴിയുമ്പോൾ ആദ്യ വിളവെടുപ്പ് നടത്താം. കൂൺ വിളവെടുക്കുമ്പോൾ ചുവടുഭാഗം പിടിച്ച് തിരിച്ചാൽ പറിച്ചെടുക്കാൻ കഴിയും. ഒരാഴ്ചക്കകം അടുത്ത വിളവെടുപ്പ് നടത്താം. കൂൺ ബെഡ് തയ്യാറാക്കുന്നതിന് മുമ്പ് കൈകൾ ഡെറ്റേളോ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയോ ഉപയോഗിച്ച് കഴുകേണ്ടതാണ്. വീട്ടിൽ ഒഴിഞ്ഞ മുറിയുണ്ടെങ്കിൽ മുളങ്കമ്പുകളിൽ പ്ലാസ്റ്റിക്ക് കയർ പിണച്ച് ഉറികെട്ടി അതിൽ കൂൺ തടങ്ങൾ വെക്കണം.