വീട്ടുമുറ്റത്തുണ്ടെങ്കിലും പലർക്കും കറിവേപ്പിലയുടെ ഗുണങ്ങളെ പറ്റി കൃത്യമായ അറിവുണ്ടാകണമെന്നില്ല. കറികൾക്ക് ഉപയോഗിച്ച ശേഷം പുറന്തള്ളുന്ന കൂട്ടത്തിലാണ് പലപ്പോഴും കറിവേപ്പിലയുടെ സ്ഥാനം. എന്നാൽ ഇനി ഗുണം അറിഞ്ഞ് തന്നെ കഴിച്ചോളൂ.
കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളർച്ചയ്ക്കും പ്രയോജന പ്രദം. അകാലനര തടയുന്നതിനും ഉത്തമം. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും കറിവേപ്പില കഴിക്കുന്നത് അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനു ഗുണപ്രദം. ചർമത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമം.
കറിവേപ്പില ചവച്ചരയ്ക്കുന്നതു ദന്തസംരക്ഷണത്തിന് നല്ലതാണ്. പൈൽസ് മൂലമുളള ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായകം. കറിവേപ്പില കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അര മണിക്കൂറിനു ശേഷം കുളിക്കുക. പേൻ, താരൻ എന്നിവ നിശേഷം ഇല്ലാതാകും. കറിവേപ്പിലയും മഞ്ഞൾപ്പൊടിയും കൂടി അരച്ച് കരിക്കിൻ വെള്ളത്തിൽ പ്രഭാതത്തിൽ കഴിക്കുന്നത് തൊലിപ്പുറമെയുണ്ടാകുന്ന എല്ലാവിധ കുരുക്കളും ശമിപ്പിക്കും
കണ്ണുകളുടെ ആരോഗ്യത്തിനു കറിവേപ്പില ഉത്തമമാണ്. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം, ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം. ദിവസവും പ്രഭാതഭക്ഷണത്തിനു മുമ്പു കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ്പ് -2 പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദം. .