hafiz-saeed

ന്യൂഡൽഹി: യു‌.എ‌.പി‌.എ നിയമ ഭേദഗതി പ്രകാരം ഇന്ത്യ നാല് പേരെ ഭീകരരായി പ്രഖ്യാപിച്ചു. പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസർ,​ ലഷ്കർ ഇ തൊയ്ബ നേതാവ് ഹഫീസ് സയിദ്,​ അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം,​ ലഷ്കർ കമാൻഡർ സാക്കിയുർ റഹ്മാൻ ലഖ്‍വി എന്നിവരെയാണ് കേന്ദ്രം ഭീകരരായി പ്രഖ്യാപിച്ചത്. ഇവരെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ അടങ്ങുന്ന പുതിയ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയിരുന്നു.

2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹഫീസ് സയീദ്. 2001ലെ പാർലമെന്റ് ആക്രമണം, കഴിഞ്ഞ ഫെബ്രുവരിയിലെ പുൽവാമ ആക്രമണം എന്നിവയ്ക്കു നേതൃത്വം നൽകിയത് മസൂദ് ആണ്. യു.എ.പി.എ നിയമത്തിലുൾപ്പെടുത്തി ഭീകരരായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യ രണ്ട്പേർ ഇവരായിരിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഭീകരർക്കു യാത്രാ വിലക്കേർപ്പെടുത്താനും അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

മസൂദ് അസറിന്റെ നേതൃത്വത്തിലാണ് ഭീകരസംഘടനയായ ജയ്‍ഷെ മുഹമ്മദ് 2001-ൽ ഇന്ത്യയുടെ പാർലമെന്റ് മന്ദിരത്തിൽ ആക്രമണം നടത്തിയത്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യു.എൻ സുരക്ഷാ സമിതി 2019 മേയ് 1ന് പ്രഖ്യാപിച്ചിരുന്നു. ലഷ്‍കർ ഇ തൊയ്ബ നേതാവ് ഹഫീസ് സയീദ് എൻ.ഐ.എയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ളയാളാണ്. 2008-ലെ മുംബയ് ഭീകരാക്രമണ പരമ്പരയുടെ സൂത്രധാരൻ. അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാകിസ്ഥാനിലാണുള്ളതെന്നാണ് കരുതപ്പെടുന്നത്. 1993-ൽ മുംബൈയിൽ നടന്ന സ്ഫോടനപരമ്പരയുടെ സൂത്രധാരൻ ദാവൂദായിരുന്നു.