hon

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തെ കലാപഭൂമിയാക്കി, മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കി. കുറ്റവാളികളായ ഹോങ്കോംഗ് പൗരൻമാരെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറാനുള്ള 'വിവാദ' ബിൽ പിൻവലിച്ചു.

പൊതുതാത്പര്യത്തിനായി ബിൽ പിൻവലിക്കുകയാണെന്ന്' ഹോങ്കോംഗ് ഭരണാധികാരി കാരി ലാം പ്രഖ്യാപിച്ചു.

' പ്രതിഷേധത്തിനിടയാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളെടുക്കും. പ്രക്ഷോഭത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിക്കും. ഇനി മുതൽ ഞാനും ഉദ്യോഗസ്ഥരും നേരിട്ട് ജനങ്ങളോട് സംവദിക്കും. അവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിക്കും.' ഒരു ടെലിവിഷൻ സന്ദേശത്തിൽ ലാം പറഞ്ഞു.

കുറ്റവാളികളെ ചൈനയ്ക്ക് വിട്ടുകൊടുക്കാനുള്ള നിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ലക്ഷക്കണക്കിനാളുകളാണ് അണിനിരന്നത്. 2000ത്തോളം പേർ അറസ്റ്റിലായി. പ്രക്ഷോഭകാരികളും പൊലീസും തെരുവിൽ ഏറ്റമുട്ടി. നിരവധിപേർ ക്രൂരമർദ്ദനത്തിനിരയായി.

കുറ്റവാളി കൈമാറ്റ നിയമത്തിലെ പഴുതുകൾ നീക്കി, ക്രിമിനലുകളിൽ നിന്ന് നഗരത്തെ രക്ഷിക്കുകയാണ് ലക്ഷ്യമെന്നായിരുന്നു കാരി ലാമിന്റെ വിശദീകരണം. എന്നാൽ ചൈനയെ എതിർക്കുന്നവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും അവരെ ചൈനയിൽ കൊണ്ടുപോയി പീഡിപ്പിക്കാനും ഇടയാക്കുന്നതാണ് ബില്ലെന്നും നഗരത്തിന്റെ നീതിന്യായ സ്വാതന്ത്ര്യം തകർക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും പ്രക്ഷോഭകാരികൾ ആരോപിച്ചു.

യൂറോപ്യൻ യൂണിയനും നിയമഭേദഗതിക്കെതിരെ രംഗത്തെത്തിയിരുന്നു. പ്രശ്നം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു ചൈനയുടെ നിലപാട്.

ചരിത്ര പോരാട്ടം

ഹോങ്കോംഗിലെ പൗരൻമാരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ചൈനയിലെ കോടതികളിൽ വിചാരണയ്‌ക്കായി കൈമാറുന്നതിനുള്ള ബില്ലിനെതിരെ കഴിഞ്ഞ ജൂണിലാണ് സമരം തുടങ്ങിയത്. വിദ്യാർഥികളുൾപ്പെടെ തെരുവിലിറങ്ങി. ഹോങ്കോംഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനാധിപത്യപോരാട്ടമായി മാറി.

 150 വർഷം ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോംഗ് 1997 ലാണ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്.

 ഒരു രാജ്യം രണ്ട് സംവിധാനം എന്ന ഭരണരീതിയിലാണ് ഹോങ്കോംഗ് ചൈനയുടെ ഭാഗമാകുന്നത്.


.