pinarayi-vijayan

തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിന് അവശ്യസാധനങ്ങൾ വില കുറച്ച് ജനങ്ങൾക്ക് നൽകുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിപണിയിൽ ഫലപ്രദമായി ഇടപെട്ടുകൊണ്ട് ജനങ്ങൾക്ക് നല്ലോണം ഉണ്ണാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഇതോടൊപ്പം അവശ്യസാധനങ്ങളുടെ വില വിവരത്തിന്റെ ചിത്രവും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. 'ഇത് നമ്മൾ തിരിച്ചുപിടിച്ച ഓണം' എന്ന തലകെട്ടോടുകൂടിയുള്ള പട്ടികയിൽ സാധനങ്ങളുടെ നിലവിലെ വിലയും, ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള വിലയും, പൊതുവിപണിയിലെ വിലയും താരതമ്യം ചെയ്തിട്ടുണ്ട്. ഒരു പ്രളയത്തിൽ നിന്നുമുള്ള തിരിച്ചുവരവാണ് കേരളീയരെ സംബന്ധിച്ച് ഇത്തവണത്തെ ഓണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:

'കാണം വിറ്റും ഓണം ഉണ്ണണം, മലയാളിയുടെ ഓണസങ്കൽപ്പം ഇങ്ങനെയാണ്. ഓണാഘോഷങ്ങൾ വിഭവസമൃദ്ധമാക്കാനുള്ള ഉത്സാഹത്തിലാണ് ലോകമെങ്ങുമുള്ള മലയാളികൾ. ഒരു പ്രളയത്തിൽ നിന്നുള്ള തിരിച്ചു വരവാണ് കേരളീയരെ സംബന്ധിച്ച് ഈ ഓണം. വിപണിയിൽ ഫലപ്രദമായി ഇടപെട്ട് നല്ലോണം ഉണ്ണാൻ അവസരമൊരുക്കുകയാണ് സർക്കാർ ഇത്തവണയും ചെയ്യുന്നത്. ഇതിനായി പ്രത്യേക ഓണചന്തകൾ സിവിൽ സപ്ലൈസ് കോർപ്പറേഷന്‍ സജജമാക്കിയിട്ടുണ്ട്. ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിലെ പ്രത്യേക ചന്തകൾക്കൊപ്പം പ്രത്യേക ഓണം മാർക്കറ്റുകളും സ്പെഷ്യൽ മിനി ഫെയറുകളും സിവില്‍ സപ്ലൈസ് കോർപ്പറേഷന്‍ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൽ ഈ ഓണചന്തകളിൽ ലഭ്യമാണ്. സപ്ലൈക്കോ മാർക്കറ്റിൽ പ്രധാന നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന വാഗ്ദാനം സർക്കാർ കഴിഞ്ഞ മൂന്നു വർഷമായി പാലിക്കുന്നുണ്ട്. ചില സാധനങ്ങളുടെ വില കുറക്കുകയും ചെയ്തു. പ്രളയം ബാധിക്കാതെ ജനങ്ങൾക്ക് ഓണാഘോഷം സാധ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.'