പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കമ്പ്യൂട്ടർ വിവരങ്ങൾ ചോർന്ന സംഭവത്തിൽ പൊലീസിന്റെ സൈബർ സെല്ലും സൈബർ ഡോം വിഭാഗങ്ങളും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും അന്വേഷണം തുടങ്ങി. ആശുപത്രിയിലെ കമ്പ്യൂട്ടറിലെ വിവരങ്ങളും പണവുമാവശ്യപ്പെട്ട് ഹാക്കർമാർ അയച്ച സന്ദേശങ്ങളും ഇന്നലെ പരിശോധിച്ചു. പാകിസ്ഥാനിലുള്ള 12 അക്കങ്ങളിലെ മൂന്ന് ഐ.പി വിലാസങ്ങളിലൂടെയാണ് വിവരങ്ങൾ ചോർത്തിയത്. എന്നാലിത് പാകിസ്ഥാനിൽ നിന്നാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഏത് രാജ്യത്തിരുന്നും മറ്റൊരു രാജ്യത്തിന്റെ പേരിൽ ഐ.പി വിലാസമുണ്ടാക്കാം.
വിവരങ്ങൾ ചോർത്തിയത് തീവ്രവാദ ബന്ധമുള്ളവരല്ലെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും സൈബർ സെല്ലും പറയുന്നത്. വിവരം ചോർത്താനുള്ള ശ്രമം അഞ്ച് തവണ പരാജയപ്പെട്ടെന്നും കണ്ടെത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സാജൻ മാത്യൂസ്, ആർ.എം.ഒ ഡോ. ആശിഷ് മാേഹൻകുമാർ, ആശുപത്രി കമ്പ്യൂട്ടർവത്കരിച്ച സ്വകാര്യ ഏജൻസിയിലെ ജീവനക്കാർ എന്നിവരിൽ നിന്ന് അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു.
സെപ്‌തംബർ ഒന്നിന് പുലർച്ചെ 4.40നും ഉച്ചയ്‌ക്ക് രണ്ടിനുമിടയിലാണ് ഹാക്കിംഗ് നടന്നത്. 2016 മുതലുള്ള രോഗികളുടെ പേര്, സ്ഥലം, ഫോൺ നമ്പർ, ലഭിച്ച ചികിത്സ എന്നീ വിവരങ്ങളാണ് ചോർന്നത്. അതേസമയം നാല് വർഷത്തെ വിവരങ്ങൾ ആശുപത്രിയിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്‌കിലും മറ്റുമായി സൂക്ഷിച്ചിട്ടുള്ളതിനാൽ നഷ്‌ടപ്പെട്ടിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.