കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ പി.ജെ.ജോസഫ് വിഭാഗം സ്ഥാനാർത്ഥിയെ നിറുത്തിയതിനെതിരെ ജോസ് കെ.മാണി. സ്ഥാനാർത്ഥിയെ സംബന്ധിച്ച് യു.ഡി.എഫിലുണ്ടായ ധാരണ ജോസഫ് വിഭാഗം ലംഘിച്ചിരിക്കുകയാണെന്ന് ജോസ് കെ.മാണി പറഞ്ഞു. യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയായ ജോസ് ടോമിന് പുറമെ പി.ജെ ജോസഫ് വിഭാഗം ജോസഫ് കണ്ടത്തിലിനായി നാമനിർദ്ദേശ പത്രിക നൽകിയിരുന്നു.
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച യു.ഡി.എഫ് യോഗത്തിൽ ചില ധാരണകളിലെത്തിയിരുന്നു.ആ ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാർത്ഥിയും ചിഹ്നവും ഐക്യത്തോടെ ഉണ്ടാകുമെന്ന് ചെയർമാൻ പ്രഖ്യാപിച്ചത്. തുടർന്ന് പി.ജെ. ജോസഫ് അടക്കമുള്ള യു.ഡി.എഫ് നേതാക്കൾ ചേർന്നാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നവും ഉറപ്പു നൽകിയിരുന്നു. എന്നാൽ യു.ഡി.എഫ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെയാണ് ഇപ്പോൾ നീക്കമുണ്ടായിരിക്കുന്നത്. യു.ഡി.എഫ് തന്നെ ഇതിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെ ജനങ്ങളുടെ മുന്നില്‍ കെ.എം. മാണിയാണ് ചിഹ്നം. ചിഹ്നം എന്തുമാകട്ടെ, കെ.എം.മാണിയുടെ സ്മരണയിലാണ് മുന്നോട്ടുപോകുന്നത്. ചിഹ്നത്തിന്റെ പേരിൽ അതിനെ തകർക്കാൻ ശ്രമിച്ചാൽ നടക്കില്ല. ചിഹ്നം സംബന്ധിച്ച് നിയമപരമായ കാര്യങ്ങളുമായി മുന്നോട്ടു പോകുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.