മോസ്കോ : കാശ്മീർ വിഷയത്തിൽ മൂന്നാമതൊരാൾ ഇടപെടേണ്ടെന്ന് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യൻ സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് കാശ്മീർ വിഷയം നേരിട്ട് പരാമർശിക്കാതെ ഇന്ത്യയുടെ നിലപാട് നരേന്ദ്ര മോദി വ്യക്തമാക്കിയത്.
അഫ്ഗാനിസ്താനെക്കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് കാശ്മീരിനെക്കുറിച്ചും നരേന്ദ്ര മോദി സംസാരിച്ചത്.
'അഫ്ഗാനിസ്താനിൽ ശക്തവും സുസ്ഥിരവും ജനാധിപത്യ രീതിയിലുള്ളതുമായ സർക്കാർ വരാനാണ് ഇന്ത്യയും റഷ്യയും താത്പര്യപ്പെടുന്നത്. അഫ്ഗാനിസ്താൻ ഉൾപ്പടെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുത് എന്നുതന്നെയാണ്' ഇന്ത്യയും റഷ്യയും വിശ്വസിക്കുന്നതെന്നും റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിനിടെ മോദി പറഞ്ഞു.
ആവശ്യമുള്ള സമയങ്ങളിളെല്ലാം ഇന്ത്യയും റഷ്യയും പരസ്പരം സഹകരിക്കുമെന്ന് മോദി വ്യക്തമാക്കി. കേവലം പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽമാത്രം ഒതുങ്ങുന്നതല്ല സഹകരണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി റഷ്യയിലെത്തിയത്.