modi

വ്ളാഡിവോസ്‌റ്റോക്: ഇന്ത്യയും റഷ്യയും തമ്മിലുള്ള സമുദ്ര വ്യാപാരം ശക്തമാക്കാൻ ചെന്നൈ - വ്ലാഡിവോസ്റ്റോക് സമുദ്ര പാത വികസിപ്പിക്കാനുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ഒപ്പിട്ടു. കൂടാതെ പ്രതിരോധം, വ്യോമയാനം, ഊർജ്ജം. പ്രകൃതിവാതകം, ഇന്ധനം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് 15 കരാറുകളാണ് ഒപ്പുവച്ചത്. രണ്ട് ദിവസത്തെ സർശനത്തിന് എത്തിയ മോദിയും പുട്ടിനും ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്‌തു. പുട്ടിന്റെ ക്ഷണപ്രകാരം ഈസ്റ്റേൺ എക്കണോമിക് ഫോറം ഉച്ചകോടിയിൽ പങ്കെടുക്കാൻ കൂടിയാണ് മോദി എത്തിയത്.

ജമ്മു കാശ്‌മീർ വിഷയത്തിൽ മൂന്നാമതാരും ഇടപെടേണ്ടതില്ലെന്ന് പിന്നീട് പുട്ടിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ മോദി പരോക്ഷമായി പറഞ്ഞു.

'അഫ്ഗാനിസ്ഥാനിൽ ശക്തമായ ജനാധിപത്യ സർക്കാർ വരാനാണ് ഇന്ത്യയും റഷ്യയും ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാൻ ഉൾപ്പടെ ഒരു രാജ്യത്തിന്റെയും ആഭ്യന്തര വിഷയങ്ങളിൽ ഇടപെടരുതെന്നാണ് ഇന്ത്യയുടെയും റഷ്യയുടെയും നിലപാട്.

കാശ്‌മീരിൽ മറ്റു രാജ്യങ്ങളുടെ ഇടപെടലുകൾക്കു തടയിടാനായാണ് മോദിയുടെ പരാമർശമെന്നാണ് വിലയിരുത്തൽ. കാശ്‌മീർ വിഷയത്തിൽ റഷ്യ ഇന്ത്യയ്ക്ക് നൽകിയ പിന്തുണയിൽ പ്രധാനമന്ത്രി നന്ദി അറിയിച്ചു.കാശ്‌മീരിലെ ഇന്ത്യൻ നടപടികളെല്ലാം ഇന്ത്യൻ ഭരണഘടനയുടെ പരിധിയിലുള്ളതാണെന്നാണ് റഷ്യയുടെ നിലപാട്.

ഇന്ത്യയും റഷ്യയും ഒരുമിച്ചു നിൽക്കേണ്ടിടത്തെല്ലാം ഒരുമിച്ചു പ്രവർത്തിക്കും. പ്രാദേശിക, രാജ്യാന്തര സഹകരണം മാത്രമല്ല, ആർക്‌ടിക്, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

ആണവ – പ്രതിരോധ വിഷയങ്ങളും ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളുടെ പരിശീലനം, കൂടങ്കുളം ആണവോർജ്ജ നിലയത്തിന്റെ വികസനം, എ. കെ 203 റൈഫിളുകളുടെ നിർമ്മാണം തുടങ്ങിയ വിഷയങ്ങളും ചർച്ചയായി

വ്ലാഡിവോസ്റ്റോക്കിലെ സ്വേസ്ദ കപ്പൽനിർമ്മാണശാലയും മോദി സന്ദർശിച്ചു. റഷ്യയുടെ പരമോന്നത ബഹുമതിയും പുടിൻ, മോദിക്ക് സമ്മാനിച്ചു.മോദിയുടെ റഷ്യൻ പര്യടനം ഇന്ന് സമാപിക്കും.

രണ്ടാം ലോകമഹായുദ്ധത്തിലെ റഷ്യൻ വിജയത്തിന്റെ 75ാം വാർഷികത്തിന് അടുത്തവർഷം മേയിൽ നടക്കുന്ന പരേഡ് കാണാനുള്ള പുട്ടിന്റെ ക്ഷണം മോദി സ്വീകരിച്ചു.