kumari

ന്യൂഡൽഹി: ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷയായി കുമാരി സെൽജയെ നിയമിച്ചു. അശോക് തൻവാറിന് പകരമാണ് ചുമതല. മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയെ നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാനായും നിയമിച്ചിട്ടുണ്ട്. ഹൂഡയും അശോക് തൻവാറും തമ്മിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങളുടെ തുടർച്ച കൂടിയാണ് ഇപ്പോഴത്തെ സ്ഥാനമാറ്റങ്ങൾ. സംസ്ഥാന നേതൃത്വത്തിൽ ഉടൻ മാറ്റമുണ്ടായില്ലെങ്കിൽ പാർട്ടി വിടുമെന്ന് നിരന്തരം ഭീഷണിയുയർത്തിയിരുന്ന ആളാണ് ഹൂഡ.

കോൺഗ്രസിന്റെ ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഗാന്ധിയുമായി വളരെ അടുപ്പമുള്ള നേതാവാണ് മുൻ കേന്ദ്രമന്ത്രികൂടിയായ കുമാരി സെൽജ. മുൻ ഹരിയാന കോൺഗ്രസ് അദ്ധ്യക്ഷൻ ചൗധരി ദൽവീർ സിംഗിന്റെ മകളുമാണ്. നിലവിൽ പാർട്ടിയുടെ ഉന്നതതല പ്രവർത്തക സമിതിയായ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ് 56കാരിയായ സെൽജ. ഈ വർഷം അവസാനം സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യംവച്ചാണ് ദളിത് നേതാവായ സെൽജയെ നേതൃത്തിലെത്തിച്ചതെന്നാണ് റിപ്പോർട്ട്.