ജനിച്ചതും വളർന്നതുമെല്ലാം ഇന്ത്യയിലാണെങ്കിലും തന്റെ വീട് പാകിസ്ഥാനിലാണെന്ന് വ്യക്തമാക്കി പ്രമുഖ ഗായകൻ അദ്നാൻ സമിയുടെ മകൻ അസാൻ സമി. അച്ഛൻ ഇന്ത്യൻ പൗരത്വം സ്വീകരിച്ചുവെങ്കിലും താൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ് എന്നും ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ അസാൻ പറഞ്ഞു.
'ഞാൻ ജനിച്ചത് ഇന്ത്യയിലാണ്. എനിക്കിവിടെ സുഹൃത്തുക്കളുമുണ്ട്. എന്നിരുന്നാലും പാകിസ്ഥാനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്.' അസാൻ പറഞ്ഞു. അദ്നാൻ സമി ഇന്ത്യൻ പൗരനായതിനെക്കുറിച്ച് താൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'പിതാവായതുകൊണ്ടാണ് ഇതേക്കുറിച്ച് അഭിപ്രായം പറയാത്തത്. ഞാൻ അദ്ദേഹത്തെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിനിഷ്ടമുള്ള രാജ്യത്താണ്. എന്നാൽ ഞാൻ ജീവിക്കാൻ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ്.'
15 വർഷമായി ഇന്ത്യയിൽ ജീവിക്കുന്ന സമിയ്ക്ക് 2016 ജനുവരി ഒന്നിനാണ് ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്. അദ്നാൻ സമിക്ക് പാകിസ്ഥാൻ സിനിമ താരം സെബ ഭക്തറിലുണ്ടായ മകനാണ് അസാൻ. സമി ഇന്ത്യൻ പൗരത്വം സ്വീകരിച്ചതിനെതിരേ കടുത്ത വിമർശനമാണ് പാകിസ്ഥാനിൽനിന്ന് ഉയർന്നത്. ഇന്ത്യ-പാക് പ്രശ്നത്തിൽ അദ്നാൻ സമി ഇന്ത്യ അനുകൂല നിലപാടുകൾ സ്വീകരിക്കുന്നതിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ കടുത്ത ആക്രമണമാണ് നേരിടുന്നത്.