കുണ്ടറ: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ചന്ദനത്തോപ്പിലെ കടയിൽ എത്തി പണം തട്ടിയെടുത്തതിന് പിടിയിലായ ഇറാനിയൻ ദമ്പതികളുടെ സംഘത്തിലെ മറ്റു നാലുപേർ നേപ്പാൾ വഴി പാകിസ്ഥാനിലേക്ക് കടന്നതായി സൂചന.
സംഘത്തിന് ഭീകരബന്ധമുണ്ടെന്ന സംശയത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ ദമ്പതികളെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു. മാർച്ച് ഏഴിന് കേരളം സന്ദർശിച്ച ജർമ്മൻ പൗരത്വമുള്ള ലിസ അപ്രത്യക്ഷയായിരുന്നു. ഇവരുടെ തിരോധാനവും ഇറാൻ സ്വദേശികളുടെ പാകിസ്ഥാൻ സന്ദർശനവും ഒരേസമയത്താണ്. ലിസ പാകിസ്ഥാനിലേക്ക് കടന്നിരിക്കാനുള്ള സാദ്ധ്യത പൊലീസ് തള്ളുന്നില്ല. ലിസയുടെ തിരോധാനം ഐ.ബി. അന്വേഷിക്കുകയാണ്. ഇറാൻ ദമ്പതികൾ പലവട്ടം പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. ഇവർക്ക് പാകിസ്ഥാൻ വിസയുണ്ടെന്നും പൊലീസ് പറയുന്നു.
പിടിയിലായ അമീറിനെയും നസറിനെയും ചന്ദനത്തോപ്പിൽ തട്ടിപ്പുനടത്തിയ യാസിം ട്രേഡേഴ്സിലും ഇവർ കയറിയ കടയിലും കൊല്ലത്തെ ലോഡ്ജിലും കൊണ്ടുപോയി തെളിവെടുത്തു.
അമീറിനെയും നസറിനെയും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ഇവരെ ആലപ്പുഴ പോലീസ് കസ്റ്റഡിയിൽ വാങ്ങുമെന്നറിയുന്നു. അവിടെയും തട്ടിപ്പ് കേസുണ്ട്.