police-inspector

ലാഹോർ: പാകിസ്ഥാനിലെ ഹിന്ദു വിഭാഗത്തിൽ നിന്നുമുള്ള ആദ്യ പൊലീസുകാരിയായി ചരിത്രമെഴുതി പുഷ്പ കോൽഹി. സിന്ധ് പ്രവിശ്യയിൽ താമസിക്കുന്ന പുഷ്പയെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലാണ് പാകിസ്താനി പൊലീസിൽ നിയമിച്ചിരിക്കുന്നത്. പ്രൊവിൻഷ്യൽ കോംപറ്റീഷൻ പരീക്ഷ ജയിച്ചതിനെ തുടർന്നാണ് പുഷ്പയ്ക്ക് പൊലീസിൽ ഇടം നേടാൻ കഴിഞ്ഞത്. പാകിസ്ഥാനിൽ ന്യൂനപക്ഷ ഹിന്ദു വിഭാഗം ഏറ്റവും കൂടുതൽ ഉള്ളത് സിന്ധ് പ്രവിശ്യയിലാണ്. മുസ്ലിം വിഭാഗത്തിൽ പെട്ടവർ കഴിഞ്ഞാൽ പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ ഉള്ളതും ഹിന്ദുക്കളാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ പാകിസ്ഥാനിലെ ഹിന്ദു വിഭാഗത്തിൽ പെട്ട പവൻ ബോദാനിയെ സിവിൾ ആൻഡ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ജഡ്ജിയായി നിയമിച്ചിരുന്നു. ജഡ്ജിമാരെ നിയമിക്കുന്ന ലിസ്റ്റിൽ 54 ആയിരുന്നു ഇദ്ദേഹത്തിന്റെ സ്ഥാനം. ഔദ്യോഗിക കണക്കുകൾ പ്രകാരം 75 ലക്ഷം ഹിന്ദുക്കളാണ് പാകിസ്ഥാനിൽ ഉള്ളത്. എന്നാൽ ഇവിടെയുള്ള ഹിന്ദുക്കളുടെ കണക്ക് പ്രകാരം ഇത് 90 ലക്ഷമാണ്.