കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർത്ഥി ജോസ് ടോെ പുലിക്കുന്നേലിന് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ജെ.ജോസഫിന് ജോസ് കെ.മാണിയുടെ കത്ത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇമെയിലിൽ കത്തയച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വർക്കിംഗ് ചെയർമാൻ എന്ന നിലയിൽ പാർട്ടി ചിഹ്നം അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കത്തിൽ ഒന്നാം തീയതിയാണ് വെച്ചിരിക്കുന്നത്.
സ്ഥാനാർഥി നിർണയവും തുടർന്ന് ചിഹ്നം അനുവദിക്കുന്നതും സംബന്ധിച്ചുള്ള തർക്കങ്ങൾക്കിടയിൽ ഒരു തന്ത്റം എന്ന നിലയിലാണ് കത്തയച്ചിരിക്കുന്നതെന്നാണ് സൂചന. കേരള കോൺഗ്രസ് സ്ഥാനാർഥിക്ക് രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫിന് കത്ത് നൽകണമെന്ന് ജോസ് കെ.മാണിയോട് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചിരിക്കുന്നതെന്നാണ് വിവരം.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നത് ബുധനാഴ്ച മൂന്നു മണിക്കാണ്. യു.ഡി.എഫിന്റെ നിർദേശം അനുസരിക്കുന്നു എന്ന് കാണിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു കത്ത് അവസാന നിമിഷം അയച്ചതെന്നാണ് ജോസഫ് വിഭാഗം കരുതുന്നത്.