asif-ghafoor-

ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംഘർഷത്തിന്റെ വക്കിൽ നിൽക്കവെ വീണ്ടും പ്രകോപനവുമായി പാക് സൈന്യം. ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയമൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. വാർത്താ ഏജൻസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആണവായുധം ആദ്യം ഉപയോഗിക്കില്ലെന്ന നയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്നും എന്നാൽ ഭാവിയിൽ നയം മാറുമോ എന്നകാര്യം അന്നത്തെ സാഹചര്യം പരിഗണിച്ച് തീരുമാനിക്കുമെന്നും ഇന്ത്യൻ പ്രതിരോധ മന്ത്റി രാജ്നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവന മാദ്ധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് സൈനിക വക്താവിന്റെ പ്രതികരണം.

തങ്ങളുടെ ആയുധങ്ങൾ പ്രതിരോധത്തിന് വേണ്ടിയുള്ളതാണെന്നും ആസിഫ് ഗഫൂർ പറഞ്ഞു.

ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്റി ഇമ്രൻ ഖാൻ പറഞ്ഞതിന് പിന്നാലെയാണ് സൈനിക വക്താവിന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്.