gulf-

അബഹ ∙ മോഷണക്കേസിൽ ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചു മാറ്റാനുള്ള കോടതി വിധി റദ്ദാക്കി. സൗദിയിലെ തെക്കൻ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനൽ കോടതി കഴിഞ്ഞ ഏപ്രിലിൽ മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീലിലാണ് അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിയിത്. ഇതിന് പകരം നാലു വർഷം തടവും 400 അടിയും കോടതി വിധിച്ചു.

അബഹയിലും ഖമീസ് മുഷയ്‌ത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തിൽ ആറു വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലായത്. നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കൈപ്പത്തി മുറിച്ചുമാറ്റാൻ വിധിച്ചത്. അ

സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്റാറന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർത്ഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ സ്പോൺസർക്ക്‌ നൽകാനുള്ള തുകയ്ക്ക്‌ ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ്‌ സംഭവത്തിലേക്ക്‌ നയിച്ചതെന്ന് കരുതപ്പെടുന്നു.

വിധി റദ്ദായതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.