അബുദാബി ∙ ദിർഹം രൂപ വിനിമയ നിരക്കിൽ പ്രവാസികൾക്കു നേട്ടം. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗൾഫ് കറൻസികളിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഇന്നലെ ലഭിച്ച മികച്ച നിരക്ക് ഒരു ദിർഹമിന് 19 രൂപ 69 പൈസ. എന്നാൽ പ്രാദേശിക എക്സ്ചേഞ്ചുകൾ 19 രൂപ 60 പൈസ വരെയാണ് നൽകിയത്. അതേസമയം, രാത്രിയോടെ രൂപ മെച്ചപ്പെട്ട് ഒരു ദിർഹമിന് 19.61 രൂപയായി. ഓഗസ്റ്റ് 4 മുതലാണ് ഒരു ദിർഹമിന് 19 രൂപയ്ക്കു മുകളിലേക്ക് കയറിത്തുടങ്ങിയത്.
പിന്നീട് പടിപടിയായി 19.69 വരെ എത്തുകയായിരുന്നു. ഇതനുസരിച്ച് 51 ദിർഹം 02 ഫിൽസ് നൽകിയാൽ 1000 ഇന്ത്യൻ രൂപയും 5102 ദിർഹത്തിന് ഒരു ലക്ഷം രൂപയും ലഭിക്കും. എന്നാൽ സേവന നിരക്കും മൂല്യവർധിത നികുതിയുമടക്കം ഓരോ ഇടപാടിനും 22 ദിർഹം അധികമായി നൽകണം. മെച്ചപ്പെട്ട നിരക്ക് ലഭ്യമായിട്ടും എക്സ്ചേഞ്ചുകളിൽ കാര്യമായ ചലനമില്ലെന്നാണ് റിപ്പോർട്ട്.
നാട്ടിലെ ചെലവിനായി പണം അയയ്ക്കുന്നവർ മാത്രമാണ് എക്സ്ചേഞ്ചുകളിൽ എത്തുന്നത്. ഇതേസമയം ഇനിയും മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുന്നതുമൂലമാണ് പ്രവാസികൾ പണം അയയ്ക്കാൻ മടിക്കുന്നതെന്നാണും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.