
ന്യൂഡൽഹി: വിവാഹം കഴിക്കാതെ പുരുഷനൊപ്പം കഴിയുന്ന സ്ത്രീകൾ വെപ്പാട്ടികളെ പോലെയാണെന്ന് പ്രസ്താവനയിറക്കി രാജസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷൻ. ഇത്തരത്തിലുള്ള 'ലിവ് ഇൻ' ബന്ധങ്ങൾ നിരോധിക്കണമെന്ന് കമ്മീഷൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. 2017ൽ 'ലിവ് ഇൻ' ബന്ധങ്ങൾ സംസ്കാരത്തിന് നിരക്കാത്തതാണെന്നും മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവിച്ചിരുന്നു. ഏതാനും ആഴ്ചകൾക്ക് മുൻപ്, ഇത്തരത്തിലുള്ള സ്ത്രീ പുരുഷ ബന്ധങ്ങൾ 'സാമൂഹിക ഭീകരവാദ'മാണെന്ന് അഭിപ്രായപെട്ടുകൊണ്ട് വിരമിച്ച ജാർഖണ്ഡ് ഹൈക്കോടതി ജഡ്ജിയായ പ്രകാശ് താതിയ രംഗത്ത് വന്നിരുന്നു. ഇത്തരം ബന്ധങ്ങൾ അവസാനിച്ച ശേഷം ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകൾ വിവാഹമോചനം കഴിഞ്ഞ സ്ത്രീകളെക്കാൾ മോശം അവസ്ഥയിലാണെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ഇങ്ങനെ സ്ത്രീയും പുരുഷനും ജീവിക്കുന്നത് എന്തുതരം സ്വാതന്ത്ര്യം ആണെന്നും, ഇത് സമൂഹത്തെ നശിപ്പിക്കുകയാണെന്നും താതിയ ചോദിച്ചു. 'ലിവ് ഇൻ' ബന്ധങ്ങൾ സ്ത്രീകളുടെ അഭിമാനത്തെ കെടുത്തുന്നതാണെന്നും ഇത്തരം ബന്ധങ്ങൾ വിവാഹം പോലെ തന്നെ രജിസ്റ്റർ ചെയ്യപ്പെടണമെന്നും അദ്ദേഹം 2017ൽ പറഞ്ഞിരുന്നു.