psc

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി കസ്​റ്റഡിയിലായ പൊലീസുകാരൻ ഗോകുൽ. ചോദ്യപേപ്പർ കിട്ടിയത് യൂണിവേഴ്സി​റ്റി കോളേജിൽ നിന്നാണെന്ന് ഗോകുൽ മൊഴി നൽകി.

ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് കേസിൽ അഞ്ചാം പ്രതിയായ ഗോകുൽ കാര്യങ്ങൾ തുറന്നുപറഞ്ഞത്. പ്രണവ് പറഞ്ഞതനുസരിച്ച് ഒരാൾ ചോദ്യപേപ്പർ എത്തിച്ചുവെന്നും സഫീറും താനും ചേർന്ന് ഉത്തരങ്ങൾ എസ്.എം.എസായി അയച്ചുവെന്നും ഗോകുൽ വെളിപ്പെടുത്തി. സംസ്‌കൃത കോളേജിന് മുന്നിൽ വച്ചാണ് ഉത്തരങ്ങൾ അയച്ചുകൊടുത്തതെന്നും ഉത്തരം കണ്ടെത്താൻ പ്രണവ് പറഞ്ഞുവിട്ടവരും അവിടെ എത്തിയിരുന്നെന്നും ഗോകുൽ മൊഴി നൽകി. പ്രണവിനൊപ്പമാണ് ഒളിവിൽ പോയതെന്നും ഗോകുൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ആരാണ് പ്രണവ് സഹായിക്കാനായി വിളിച്ചവർ എന്ന് അറിയില്ലെന്നാണ് ഗോകുൽ പറയുന്നത്. സുഹൃത്തായ പ്രണവിനെ സഹായിക്കുക എന്നത് മാത്രമായിരുന്നു തന്റെ ഉദ്ദേശ്യം. പരീക്ഷ തുടങ്ങിയ ശേഷമാണ് ചോദ്യപ്പേപ്പർ കൈയിൽ കിട്ടിയത്.

ഉത്തരങ്ങൾ അയക്കാനായി ഉപയോഗിച്ച സിം കാർഡ് ഗോകുലിന്റെ ബന്ധുവിന്റെ വീട്ടിൽ നിന്ന് തെളിവായി കണ്ടെടുത്തിട്ടുണ്ട്. ഉത്തരങ്ങൾ എഴുതി വച്ച, കണക്ക് കൂട്ടിയ, അതേ കടലാസിൽത്തന്നെ സിം കാർഡ് പൊതിഞ്ഞു സൂക്ഷിക്കുകയായിരുന്നു.

ചോദ്യം ചെയ്യൽ തുടങ്ങിയപ്പോൾ പൊലീസിനോട് പറയാനായി വക്കീൽ ഉപദേശിച്ച കാര്യങ്ങൾ ഗോകുൽ ഒരു പേപ്പറിൽ എഴുതി വച്ചു. എന്നാൽ പല തവണ തിരിച്ചും മറിച്ചും ചോദ്യം ചെയ്യുകയും, ബന്ധുവീടുകളിലടക്കം തെളിവെടുപ്പ് നടത്തുകയും, പഴുതില്ലാതെ കാര്യങ്ങൾ പൊലീസ് ചോദിക്കുകയും ചെയ്തതോടെ പൊട്ടിക്കരഞ്ഞുകൊണ്ട് ഗോകുൽ കു​റ്റങ്ങൾ സമ്മതിച്ചു.

പി.എസ്.സി പരീക്ഷാ റാങ്ക് പട്ടികയിൽ ഇടം നേടിയ മുൻ എസ്.എഫ്‌.ഐ നേതാക്കൾക്കും കോപ്പിയടിക്കാൻ സഹായം നൽകിയെന്ന് ഗോകുൽ ഇന്നലെത്തെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. യൂണിവേഴ്സി​റ്റി കോളേജിൽ നിന്ന് ചോർന്ന് കിട്ടിയ ചോദ്യപ്പേപ്പർ പരിശോധിച്ച് എസ്.എം.എസുകളായി ഉത്തരം അയച്ചുവെന്നാണ് ഗോകുൽ പറഞ്ഞത്. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പർ ചോർന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങൾ അയച്ചുക്കൊടുത്തു എന്നുമാണ് മൊഴി.

എന്നാൽ, ചോദ്യപേപ്പർ ആരാണ് ചോർത്തി നൽകിയതെന്ന് അറിയില്ലെന്നാണ് ഗോകുൽ മൊഴി നൽകിയത്. കേസിലെ മ​റ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പർ കിട്ടിയതെന്നാണ് ഗോകുൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഉത്തരങ്ങൾ അയക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കളഞ്ഞുപോയെന്നും ഗോകുൽ ഇന്നലെ മൊഴി നൽകിയിരുന്നു.