ലാഹോർ : മുൻ നായകൻ മിസ്ബ ഉൽഹഖിനെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് കരാർ. ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ മിക്കി ആർതറിന് പകരക്കാരനായാണ് മിസ്ബ എത്തുന്നത്. മുൻ നായകനും പരിശീലകനുമായ വഖാർ യൂനിസിനെ ബൗളിംഗ് കോച്ചായും നിയമിച്ചിട്ടുണ്ട്. നേരത്തേ മിസ്ബ പാകിസ്ഥാൻ ക്യാപ്ടനായിരുന്നപ്പോൾ മുഖ്യ കോച്ചായിരുന്നു വഖാർ. സെലക്ഷൻ കമ്മിറ്റി ചെയർമാനായും മിസ്ബ പ്രവർത്തിക്കും.
ബംഗാർ വഴക്കുണ്ടാക്കിയത്
ബി.സി.സി.ഐ അന്വേഷിക്കും
മുംബയ് : വെസ്റ്റ് ഇൻഡീസ് പര്യടനത്തിനിടെ ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ സെലക്ഷൻ കമ്മിറ്റി അംഗം ദേവാംഗ് ഗാന്ധിയുമായി വഴക്കുണ്ടാക്കിയതിനെക്കുറിച്ച് ബി.സി.സി.ഐ അന്വേഷിക്കും. അഞ്ചു വർഷമായി ഇന്ത്യൻ ബാറ്റിംഗ് കോച്ചായിരുന്ന ബംഗാറിനെ മാറ്റി വിക്രം റാത്തോഡിനെ ചുമതലയേൽപ്പിച്ചിട്ടുണ്ട്. പദവി നഷ്ടമായതിനെത്തുടർന്നാണ് ബംഗാർ സെലക്ടറുടെ മുറിയിലെത്തി അസഭ്യം പറഞ്ഞത്. വിൻഡീസ് പര്യടനം വരെയേ ബംഗാറിന് ചുമതലയുള്ളൂ. നേരത്തേയും ബംഗാർ ബി.സി.സി.ഐയിലെ പലരുമായും ഉടക്കിയിട്ടുണ്ട്.
ഇന്ന് ഇന്ത്യൻ ഗ്രാൻപ്രീ
പട്യാല : ദോഹ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാനുള്ള ഇന്ത്യൻ അത്ലറ്റുകൾക്ക് അവസാന അവസരമായി ഇന്ത്യൻ ഗ്രാൻപ്രീ അത്ലറ്റിക്സ് ഇന്ന് പട്യാലയിൽ നടക്കും. ദോഹയിൽ ഈ മാസം 27 മുതൽ ഒക്ടോബർ ആറുവരെയാണ് ലോക ചാമ്പ്യൻഷിപ്പ്.
ഇന്ത്യഗ്രീൻ 147/8
ബംഗളുരു : ഇന്ത്യ റെഡിനെതിരെ ദുലീപ് ട്രോഫി ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഗ്രീൻ ആദ്യ ദിനം കളി നിറുത്തുമ്പോൾ 147/8 എന്ന നിലയിൽ പതറുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ജയ്ദേവ് ഉനദ് കദാണ് ഇന്ത്യ ഗ്രീനിനെ തളർത്തിയത്. മലയാളി പേസർ സന്ദീപ് വാര്യർ ഒരു വിക്കറ്റ് വീഴ്ത്തി. 32 റൺസുമായി പുറത്താകാതെ നിൽക്കുന്ന മായാങ്ക് മാർഖഡെയാണ് ഇന്ത്യ ഗ്രീനിന്റെ ടോപ് സ്കോറർ.