actor-surya

തമിഴ് നടൻ സൂര്യ ഇസ്ളാം മതത്തിലേക്ക് മാറി എന്ന തരത്തിലുള്ള പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമാണ്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നിൽ വന്നിറങ്ങി മുസ്ലിം മതസ്ഥർ എന്ന് തോന്നിക്കുന്ന ഏതാനും പേർക്കൊപ്പം ഒരു പള്ളിയിലേക്ക് പ്രവേശിക്കുന്ന വീഡിയോ ഉപയോഗിച്ചുകൊണ്ടാണ് ഈ പ്രചാരണം നടക്കുന്നത്. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ തൊപ്പി ധരിച്ച് സൂര്യ പള്ളിയിൽ പ്രാർത്ഥന നടത്തുന്നതും അതുകഴിഞ്ഞ് പുറത്തേക്ക് പോകുന്നതും കാണാം. ഈ വീഡിയോ യഥാർത്ഥത്തിൽ ഉള്ളതാണെങ്കിലും ഇതിന് പിന്നാലെ ഉയരുന്ന വാദങ്ങൾ തികച്ചും സത്യവിരുദ്ധമാണ്.

Surya ..embraces ..Islam https://t.co/2uD9t6z03C via @YouTube

— Naveen Vi ® (@naveenkvst) September 1, 2019

ഈ വീഡിയോ 2013ലാണ് ഷൂട്ട് ചെയ്തത്.സംഗീത സംവിധായകൻ എ.ആർ റഹ്‌മാന്റെ ക്ഷണപ്രകാരമാണ് സൂര്യ ആന്ധ്രാ പ്രദേശിലെ കാദപ്പ നഗരത്തിലെ അമീർ പീർ ദർഗ എന്ന മുസ്ളീം പള്ളി സന്ദർശിക്കുന്നത്. തന്റെ സിനിമ 'സിംഗം 2' വിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെയായിരുന്നു സൂര്യ പള്ളി സന്ദർശിച്ചത്. ഈ വീഡിയോ 'സൂര്യ മതം മാറി' എന്ന വാദത്തിന്റെ അകമ്പടിയോടെ വർഷങ്ങളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയാണ്‌. നിരവധി മാദ്ധ്യമ സ്ഥാപനങ്ങൾ ഈ വാർത്ത സത്യവിരുദ്ധമെന്ന് കാട്ടി തള്ളിക്കളഞ്ഞിരുന്നു.