literature

ഭൂമിയിലെ ഏറ്റവും വലിയ സൃഷ്ടിയാണ് മനുഷ്യൻ എന്നതാണ് അവന്റെ അഹങ്കാരം.ബുദ്ധിയിലും ശക്തിയിലും തങ്ങളെ വെല്ലാൻ ആരുമില്ല എന്ന മനുഷ്യന്റെ വാദങ്ങൾക്ക് അവസാനമാകുന്നു. മനുഷ്യനെ കീഴടക്കുന്ന ഒരു വലിയ ശക്തി വരാൻ പോകുന്നു എന്നു പറയുകയാണ് ജയിംസ് ലവ്‌ലോകിന്റെ നോവാകെയ്‌ൻ : ദി കമിംഗ് ഏജ് ഓഫ് ഹൈപ്പർ ഇന്റലിജൻസ്. മനുഷ്യന്റെ തന്റെ തന്നെ സൃഷ്ടിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ മനുഷ്യരാശി തന്നെ ഇല്ലാതായേക്കുമെന്ന് ജയിംസ് തന്റെ പുസ്തകത്തിൽ വാദിക്കുന്നു. അതിന് അധികകാലം വേണ്ടിവരില്ലെന്നും ഇന്ന് ജിവീച്ചിരിക്കുന്ന പലരുടെയും കാലത്ത് തന്നെ അക്കാര്യം സംഭവിക്കുമെന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു.

പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങൾ മനസിലാകുന്ന ഏറ്റവും പ്രധാനപ്പെട്ടയാൾ എന്ന മനുഷ്യന്റെ ഭാവം അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ റോബോട്ടുകളുടെ ഭാവിതലമുറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൈബോർഗുകൾ ( CYBORGS) ആയിരിക്കും ഇനി ലോകം ഭരിക്കുക. അവ പൂർണരും സ്വന്തം ബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്നവരും ആയിരിക്കും എന്നാണ് ജെയിംസ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത്.

യന്ത്റങ്ങളും റോബോട്ടുകളും മനുഷ്യരെ സമീപ ഭാവിയിൽ തന്നെ അപ്രസ്കതാരാക്കുമെന്ന വാദം നേരത്തെ തന്നെ ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യം ജെയിംസ് പുസ്കത്തിൽ നിഷേധിക്കുന്നു. യന്ത്റങ്ങൾ പെട്ടെന്ന് മനുഷ്യർ‌ക്കെതിരെ തിരിയാൻ സാദ്ധ്യതയില്ല എന്നാണ് ജയിംസിന്റെ വാദം. പാരിസ്ഥിതികവും ജനിതകവുമായ സിസ്​റ്റങ്ങളെക്കുറിച്ച് വർഷങ്ങോലവം ഗവേഷണം നടത്തിയ ആളാണ് ജയിംസ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പുസ്തകം ഒരേ സമയം പ്രതീക്ഷയും ഭീതിയും പരത്തുന്നു.

മനുഷ്യാധിപത്യം അവസാനിക്കാൻ പോകുന്നതിന്റെ ആദ്യസൂചനകളായി ജയിംസ് അവതരിപ്പിക്കുന്നത് ആൽഫാസീറോ എന്ന കംപ്യൂട്ടർ പ്രോഗ്രാമിന്റെ കാര്യമാണ്. ഗോ (GO ) എന്ന കളി കളിക്കാൻ ആൽഫാസീറോ സ്വയം പഠിക്കുകയായിരുന്നു. തുടർന്ന് അത് ലോകത്തെ ഏ​റ്റവും നല്ല ഗോ പ്ലെയർ ആയി. ഇന്നത്തെ കംപ്യൂട്ടറുകൾക്ക് ഇപ്പോൾത്തന്നെ നമ്മെക്കാൾ വേഗത്തിൽ ഡേ​റ്റ പ്രോസസ് ചെയ്യാനാകും. പൂർണമായും സ്വതന്ത്റമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരുന്നതോടെ നാളത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യനെക്കാൾ ലക്ഷക്കണക്കിനു മടങ്ങ് കഴിവുള്ളവരായിരിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു.

ഭൂമിയെ മുഴുവൻ സൈബോർഗുകൾ അടക്കിവാഴാൻ പോകുന്നുവെന്നാണ് ജയിംസിന്റെ പ്രവചനം. മനുഷ്യർ ഇപ്പോൾ സസ്യങ്ങളോട് എങ്ങനെ പെരുമാറുന്നോ അതു പോലെയായിരിക്കും സൈബോർഗുകൾ നമ്മളോടു പെരുമാറുക എന്നും അദ്ദേഹം പറയുന്നു. ഇന്നത്ത റോബോട്ടുകൾ മനുഷ്യരുടെ മാതൃകയാലാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, സൈബോർഗുകൾക്ക് സ്വന്തമായി ചിന്തിക്കാനും മ​റ്റും ആകുന്ന കാലത്ത് അവരെന്തു രൂപമെടുക്കും എന്നതിനെപ്പറ്റി ഇപ്പോൾ ആലോചിക്കാൻ കഴിയാൻ കഴിയില്ലെന്ന് അദ്ദേഹം പറയുന്നു. ചിലപ്പോൾ ആകൃതി പോലുമില്ലാതെ കംപ്യൂട്ടറുകൾക്കുള്ളിൽ 'വെർച്വൽ' ആയി ആയിരിക്കാം അവ നിലകൊള്ളുക.

സൈബോർഗുകളുടെ സാമ്റാജ്യം സ്ഥാപിതമായാൽ അവരുടെ ആധിപത്യം തന്നെയായിരിക്കും. നോവാകെയ്ൻ ഭൂമിയിൽ ജീവൻ കണ്ടേക്കാവുന്ന അവസാന നാളുകളായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

എന്നാൽ, ജയിംസിന്റെ പുതിയ പ്രവചനങ്ങളെയും പൂർണമായി വിശ്വസിക്കാൻ ആരുംതയാറല്ല. ഇതൊക്കെ എങ്ങനെയാണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു തീർച്ചയുമില്ല. കാരണം ഇന്നു വരെ ആർക്കും തലച്ചോറ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നോ ബോധമണ്ഡലം എന്താണെന്നതിനെക്കുറിച്ചോ കൃത്യമായ വിവരമൊന്നുമില്ല എന്നാണ് വിമർശകർ പറയുന്നത്. അതപോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്തു രൂപമെടുക്കാമെന്ന കാര്യത്തിലും തീർച്ചയും തീരുമാനവും ഒന്നുമില്ല എന്നും വിമർശകർ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ, ജയിംസ് പറയുന്നത് ആൽഫാസീറോയുടെയും മ​റ്റും വിജയം കാണിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് എന്തു ചെയ്യാനാകുമെന്ന കാര്യത്തിൽ നമുക്ക് വിദൂരതിയിലേക്ക് നോക്കിയിരിക്കേണ്ട കാര്യമൊന്നുമില്ല എന്നാണ്. നോവാകെയ്‌ന്റെ സൃഷ്ടിയിൽ നിർണ്ണായകമാകുക കംപ്യൂട്ടറുകളെ ഉപയോഗിച്ച് സ്വയം സൃഷ്ടിക്കുക എന്നതാണ് എന്ന് അദ്ദേഹം പറയുന്നു.

ജയിംസ് തന്റെ 99 ാം വയസിലാണ് ഈ പുസ്തകം രചിക്കുന്നത് എന്നതാണ് ഏ​റ്റവുമധികം താത്പര്യമുണർത്തുന്ന കാര്യങ്ങളിലൊന്ന് . ഭൂമിയെ പരിചരിക്കുക എന്ന കാര്യത്തിലെങ്കിലും മനുഷ്യരും സൈബോർഗുകളും ഒത്തു പ്രവർത്തിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ഭൂമിയുടെ ഉയരുന്ന താപനില കുറയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ സൈബോർഗുകൾക്കു തന്നെ അതു ചെയ്യേണ്ടിവന്നേക്കും എന്ന് അദ്ദേഹം പറയുന്നു. ജയിംസിന്റെ സൈബർ ഭാവന മനുഷ്യപ്രാധാന്യമില്ലാത്ത ഭാവിയെ കാണുന്നതെങ്ങനെ എന്നും കൂടി പരിശോധിക്കാം: സൈബോർഗുകൾക്ക് അധിക കാലം വെറുതെയിരിക്കാനായേക്കില്ല. അവർക്ക് ഭൂമിയുടെ പരിസ്ഥിതി പുതുക്കിപ്പണിയേണ്ടിവരും. ഓക്സിജന്റെയോ വെളളത്തിന്റെയോ ആവശ്യമില്ലാത്ത ഒരു ലോകത്ത് അവർക്കു വസിക്കാനാകും. പക്ഷേ അത് നമുക്കു പ​റ്റില്ല. ഇന്നത്തെ ജീവിതം കാർബൺകേന്ദ്രീകൃതമാണ്. എന്നാൽ, സൈബോർഗുകളടേത് സിലിക്കൺ കേന്ദ്രീകൃതമാണ്. കാർബൺ കേന്ദ്രീകൃത ലോകത്തു വസിക്കാൻ ചെടികൾ അത്യന്താപേക്ഷിതമാണ്. എന്നാൽ, സൈബോർഗുകളുടെ ലോകത്തെ സിന്തെ​റ്റിക് ചെടികൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നവയായിരിക്കാം. ഇവയെ ഫോട്ടോവോൾടായിക് എന്നാണ് അദ്ദേഹം വിളിക്കുന്നത്. ഇത്തരം ചെടികളിൽ കായ്ഫലങ്ങൾക്കു പകരം വിളയുന്നത് ബാ​റ്ററികളായിരിക്കാം– അദ്ദേഹം പറയുന്നു.

ആഗോള താപനം വർധിക്കുന്നതോടെ പച്ചപ്പുള്ള ചെടികൾ പൂർണമായോ ഭാഗികമായോ ഇല്ലാതായേക്കാം. ആകാശത്തിന് ശോഭനമായ നീല നിറത്തിനു പകരം നിരുത്സാഹമായ തവിട്ടു നിറമാകാം. ഭൂമിയുടെ അധിപന്മാരായി സൈബോർഗുകൾ തീരും. എന്നാൽ അവരായിരിക്കും ഭൂമിയിലെ അവസാന കുടിപ്പാർപ്പുകാർ. ഒരു ബില്ല്യൻ വർഷത്തേക്കു കൂടി അവർ ഇവിടെ താമസിച്ചേക്കാം. എന്നാൽ അതിനു ശേഷം, കൃത്രിമസംയുക്ത ജീവനും (നോവാകെയ്ൻ) സഹിക്കാനാകാത്ത രീതിയിൽ ചൂടുകൂടുകയും അവയും അവസാനിക്കുകയും ചെയ്യും. ആ സമയത്ത് സൈബോർഗുകൾ മ​റ്റൊരു ലോകത്തേക്ക് കുടിയേ​റ്റം നടത്തിയേക്കാം. അവർ മ​റ്റു ഗ്രഹങ്ങളിലുള്ള സൈബോർഗുകളുമായി സന്ധിച്ചേക്കാമെന്നും ജയിംസ് പറയുന്നു.