തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി മുതൽ പൂന്തോട്ടം പരിപാലിക്കുന്നവരുടെ വരെ പേരെടുത്ത് നന്ദി പറഞ്ഞ് ഗവർണർ ജസ്റ്റിസ് പി.സദാശിവം രാജ്ഭവനോടും തലസ്ഥാനത്തോടും വിടപറഞ്ഞു. അഞ്ചു വർഷക്കാലം ജനകീയതയുടെയും നിഷ്പക്ഷതയുടെയും മുഖമായിരുന്ന പി.സദാശിവം ഇനി ഈറോഡ് ഭവാനി കടപ്പനല്ലൂരിലെ സ്വന്തം കൃഷിയിടത്തിൽ കരിമ്പും നെല്ലും വാഴയും വിളയിക്കുന്ന ഒന്നാന്തരം കർഷകനായി മാറും. രാജ്ഭവനോട് വിടപറഞ്ഞപ്പോൾ ഗവർണറുടെ പത്നി സരസ്വതി സദാശിവം വിതുമ്പിപ്പോയി. രാജ്ഭവനും നമ്മുടെ നഗരവും അത്രമേൽ അവർ ഇരുവർക്കും ഇഷ്ടമായിരുന്നു. രാജ്ഭവന്റെ മുക്കും മൂലയും ചുറ്റിക്കണ്ട ഏക ഗവർണറായ സദാശിവം ലാളിത്യത്തിന്റെയും മനുഷ്യത്വത്തിന്റെയും പാഠപുസ്തകമായിരുന്നു. നിങ്ങളെ എല്ലാവരെയും മിസ് ചെയ്യുന്നുവെന്ന ഹൃദയത്തിൽ തൊട്ട വാക്കുകൾ രാജ്ഭവൻ ജീവനക്കാരുടെ കണ്ണുനനയിച്ചു.
തികഞ്ഞ സംതൃപ്തിയോടെയും അഭിമാനത്തോടെയും 100ശതമാനം വിജയകരമായുമാണ് കാലാവധി പൂർത്തിയാക്കി മടങ്ങുന്നതെന്ന് രാജ്ഭവനിലെ അവസാനചടങ്ങിൽ ഗവർണർ പറഞ്ഞു. അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും വിശ്വാസത്തോടെയും ഭരണഘടനാചുമതലകൾ നിർവഹിക്കാനായി. ഏത് ഉദ്യോഗത്തിലാണെങ്കിലും ഒഴിവാക്കാനാവാത്തതാണ് ഈ വിടപറച്ചിൽ. അഞ്ചുവർഷം മുൻപ് സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. ഞാൻ എവിടെയായിരുന്നാലും ഇവിടുത്തെ ഓർമ്മകൾ മനസിൽ സൂക്ഷിക്കും. രാജ്ഭവനിലെ പ്രോത്സാഹനം നൽകുന്ന അന്തരീക്ഷത്തിലാണ് എല്ലാ പ്രതിസന്ധികളും ഞാൻ മറികടന്നത്. രാജ്ഭവനിൽ സൗകര്യങ്ങളൊരുക്കാൻ സർക്കാർ സഹകരിച്ചു. രാജ്ഭവന് ശീതീകരിച്ച ആഡിറ്റോറിയം, വൈദ്യുതിവിതരണത്തിന് അണ്ടർഗ്രൗണ്ട് കേബിളുകൾ, ഡിസ്പെൻസറി, സ്റ്റാഫ് ക്വാർട്ടേഴ്സുകൾ എന്നിവയുണ്ടാക്കി. ഗസ്റ്റ് ബ്ലോക്ക്, ഡിസ്പെൻസറി കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി. രാജ്ഭവനായി പൊതുമരാമത്ത് വിംഗ് ഓഫീസ് തുടങ്ങി. ഗാർഡ് റൂമിന് രണ്ടാം നില കെട്ടിടമുണ്ടാക്കി. സി.സി.ടി.വി നിരീക്ഷണ സംവിധാനം ഉടൻ പ്രവർത്തനസജ്ജമാവും.
സുരക്ഷയിലെ ആശങ്ക തീർത്തു
രാഷ്ട്രപതിയടക്കമുള്ള വി.വി.ഐ.പികൾ കേരളത്തിലെത്തുമ്പോൾ തങ്ങുന്നത് രാജ്ഭവനിലാണെങ്കിലും ചുറ്റുമതിലിന് ചിലേടത്ത് മൂന്ന് അടി ഉയരമേയുള്ളൂ. ഇത് സുരക്ഷാഭീഷണിയാണെന്ന് മനസിലാക്കി മതിലിന്റെ ഉയരം കൂട്ടി മുള്ളുവേലി സ്ഥാപിച്ചു. കുപ്പിവെള്ളം നിരോധിച്ചു. ജൈവകൃഷി, മെഡിസിനൽ ഗാർഡൻ, ബാംബൂ ഗാർഡൻ എന്നിവയുണ്ടാക്കി. രാജ്ഭവൻ പൂന്തോട്ടം ഡിജിറ്റൽവത്കരിച്ചു. രാജ്ഭവനിലെ ജീവനക്കാർക്കൊപ്പമായിരുന്നു താൻ. അവരുടെ ക്വാർട്ടേഴ്സുകളിൽ പോയിട്ടുണ്ട്. എല്ലാദിവസവും രാവിലെയും വൈകിട്ടും രാജ്ഭവൻ പരിസരത്ത് നടത്തം പതിവായിരുന്നു. ഒരുദിവസം അക്കൗണ്ട്സ് ഓഫീസർ മുരുകന്റെ വീടിനടുത്ത് ചെറിയ പാമ്പിനെ കണ്ടു. കുട്ടികളൊക്കെയുള്ളതല്ലേ വീടിന് ഉടൻ പാരപ്പെറ്റ് കെട്ടാൻ നിർദ്ദേശിച്ചു. പക്ഷേ, അച്ചടക്കവും കൃത്യനിഷ്ഠയും കർശനമായി നടപ്പാക്കി. ഇത് ഇവിടെ തുടങ്ങിയതല്ല. സുപ്രീംകോടതിയിലുമുണ്ടായിരുന്നു. തന്റെ ആറു സെക്രട്ടറിമാരിലെ ഏക വനിത ഒരുദിവസം അഞ്ചുമിനിറ്റ് വൈകിയെത്തി. ഇലക്ട്രോണിക് ഗേറ്റ് അപ്പോഴേക്കും അടഞ്ഞിരുന്നു. ചീഫ്ജസ്റ്റിസ് പറഞ്ഞാൽ ഗേറ്റ് തുറക്കുമെന്ന് മറ്റൊരു സെക്രട്ടറി പറഞ്ഞെങ്കിലും എല്ലാവർക്കും ചട്ടം ഒരുപോലല്ലേ എന്നാണ് താൻ പറഞ്ഞത്. പിന്നീട് അവർ ഓഫീസിലെത്തിയപ്പോൾ, തനിക്ക് സഹായിക്കാൻ കഴിഞ്ഞില്ലെന്ന് ക്ഷമാപണം നടത്തി.
പരാതികൾ കണ്ടറിഞ്ഞു
പരാതി അറിയിക്കാൻ ഒരാൾക്കുപോലും അവസരം നൽകാതിരുന്നില്ല. ഗവർണറുടെ ഇ-മെയിലിൽ ലഭിച്ച പരാതികളും കണ്ടു. എല്ലാ അരമണിക്കൂറിലും ഇ-മെയിലിലെ പരാതികൾ പരിശോധിച്ചിരുന്നു. സർക്കാരിനോടും സർവകലാശാലകളോടുമെല്ലാം ഉടനടി റിപ്പോർട്ട് തേടി. ഏതാണ്ടെല്ലാ പരാതികളിലും പരിഹാരമുണ്ടാക്കി. സംതൃപ്തരല്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് പരാതിക്കാരെ അറിയിച്ചു. ഗവർണർ എന്ന നിലയിലല്ല, സുപ്രീംകോടതി മുൻ ചീഫ്ജസ്റ്റിസിൽ നിന്ന് നീതികിട്ടുമെന്ന് വിശ്വാസമുള്ളതിനാലാണ് പരാതി അയയ്ക്കുന്നതെന്ന് നിരവധി പരാതികളിലുണ്ടായിരുന്നു.
അവൾ ഡോക്ടറല്ല, ഡോട്ടർ
പ്രമേഹരോഗിയായ തന്നെ ഏറെ കരുതലോടെയാണ് രാജ്ഭവനിലെ ഡോക്ടർമാരായ ജോർജ്ജുകുട്ടി, തോമസ്, പേൾ എന്നിവർ പരിചരിച്ചത്. ഡോ.വി.എസ്. പേൾ ഡോക്ടറല്ല, ഡോട്ടർ (പുത്രി) ആണെന്നാണ് ഭാര്യ സരസ്വതി പറയാറുള്ളത്. താലൂക്ക് കേന്ദ്രം പോലുമല്ലാത്ത തന്റെ വിദൂരഗ്രാമത്തിൽ ഇത്രയും ചികിത്സാസൗകര്യങ്ങൾ ലഭിക്കില്ല. എക്സ്-റേ എടുക്കാൻ പോലും ജില്ലാ ആശുപത്രിയിൽ പോകണം. ടെലിഫോൺ ഓപ്പറേറ്റർമാർ, ഡ്രൈവർമാർ, ഇലക്ട്രീഷ്യന്മാർ, പാചകക്കാർ, പൂന്തോട്ടം പരിചാരകർ എന്നിവരുടെയെല്ലാം പേരെടുത്തു വിളിച്ച് നന്ദിയറിയിച്ചപ്പോൾ രാജ്ഭവൻ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത ആഹ്ലാദത്തിലായി. വലിയ നിലവിളക്കും ഓണക്കോടിയും അവർ ഗവർണർക്ക് സമ്മാനിച്ചു. എല്ലാ ജീവനക്കാരുമായും ഫോട്ടോയെടുത്തും നന്ദിപറഞ്ഞും ജസ്റ്റിസ് സദാശിവം രാജ്ഭവന്റെ പടവുകൾ ഇറങ്ങി.