തിരുവനന്തപുരം:തലസ്ഥാനവാസികൾക്ക് ഓണസമ്മാനമായി പുതിയ മെമു ട്രെയിൻ വരുന്നു. ആധുനിക ത്രീഫേസ് മെമുവാണ് തിരുവനന്തപുരം ഡിവിഷന് ലഭിക്കുക. ഇത് കൊല്ലം മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും.സംസ്ഥാനത്തിന് ലഭിച്ച ആദ്യ ത്രീ ഫേസ് മെമു കൊല്ലം-എറണാകുളം റൂട്ടിൽ ചൊവ്വാഴ്ച സർവീസ് ആരംഭിച്ചിരുന്നു. ഇപ്പോൾ നാല് മെമു ട്രെയിനുകളാണ് ഡിവിഷനുള്ളത്. കന്യാകുമാരി-കൊല്ലം, കൊല്ലം-ആലപ്പുഴ-എറണാകുളം, കൊല്ലം- കോട്ടയം- എറണാകുളം, എറണാകുളം - ഷൊർണൂർ പാതകളിലാണ് മെമു ഓടിക്കുന്നത്. ആഴ്ചയിൽ ആറു ദിവസമാണ് സർവീസ്. അഞ്ചാമത് ഒരു മെമു ട്രെയിൻ കൂടി എത്തുന്നതോടെ സമയക്രമത്തിൽ മാറ്റം വന്നേക്കും.
ഇന്ത്യൻ റെയിൽവേയുടെ അഭിമാന സർവീസായ ട്രെയിൻ 18ന്റെ സഹോദര ട്രെയിൻ എന്നു വിശേഷിപ്പിക്കുന്ന ത്രീ ഫേസ് മെമുവിന്റെ വേഗം മണിക്കൂറിൽ 105 കിലോമീറ്ററാണ്. ഇപ്പോൾ സർവീസ് നടത്തിവരുന്ന മറ്റ് മെമുവിന്റെ വേഗത 100 കിലോമീറ്ററാണ്.കൊല്ലം- കന്യാകുമാരി റൂട്ടിൽ ഒരു മെമു കൂടി എത്തുന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യും. വളരെ പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്താനും കഴിയും. 2402 പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന 8 കാർ മെമുവാണ് തിരുവനന്തപുരം ഡിവിഷനു ലഭിക്കുക.
നിരീക്ഷണ കാമറ,എമർജെൻസി സ്റ്റോപ്പ് ബട്ടൺ
സ്റ്റെയിൻലസ് സ്റ്റീൽ ബോഡിയിലാണ് ത്രീഫേസ് മെമു നിർമ്മിച്ചിരിക്കുന്നത്. കുഷ്യൻ സീറ്റുകൾ, ബയോ ടോയ്ലെറ്റുകൾ, എമർജൻസി സ്റ്റോപ്പ് ബട്ടൺ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവയുമുണ്ട്. കുലുക്കം കുറയ്ക്കാനായി സെക്കൻഡറി എയർ സസ്പെൻഷനും നൽകിയിട്ടുണ്ട്.
സ്ത്രീകളുടെ സുരക്ഷയ്ക്കായി വനിതാ കോച്ചിൽ സി.സി ടിവി കാമറ ഏർപ്പെടുത്തിയിട്ടുണ്ട്. ഭാരം കുറഞ്ഞ സ്ലൈഡിംഗ് ഡോറുകളും ജി.പി.എസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റവും കോച്ചുകളിലുണ്ട്.
റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമുള്ള ട്രെയിനിന് പരമ്പരാഗത മെമു ട്രെയിനുകളെക്കാൾ 35 ശതമാനം ഇന്ധനക്ഷമത കൂടുതലാണ്. യാത്രക്കാരുടെ സൗകര്യത്തിനായി സീറ്റുകളുടെ ബാക്ക് റെസ്റ്റിന്റെ ഉയരം കൂട്ടിയിട്ടുണ്ട്. എഫ്.ആർ.പി പാനലിംഗ് ഉപയോഗിച്ചുളള ഇന്റീരിയറും വീതി കൂടിയ ജനലുകളും പുതിയ മെമുവിന്റെ പ്രത്യേകതകളാണ്.
ഇനിയും വരും മെമു
റെയിൽവേ മുമ്പു വാഗ്ദാനം ചെയ്ത രണ്ട് 12 കാർ മെമു ട്രെയിനുകൾ കൂടി ഡിവിഷനു ഇനിയും ലഭിക്കാനുണ്ട്. ഇതിനുള്ള ശ്രമം തുടരുകയാണെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ സിരീഷ് കുമാർ സിൻഹ പറഞ്ഞു. അതുകൂടി ലഭിച്ചാൽ പരമ്പരാഗത പാസഞ്ചർ ട്രെയിനുകൾ ഘട്ടം ഘട്ടമായി മെമു സർവീസുകളാക്കി മാറ്റുമെന്നും പെട്ടെന്നു വേഗം കൈവരിക്കുന്നതിനാൽ ട്രെയിനുകളുടെ വൈകിയോട്ടത്തിനും ഇത് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം - കന്യാകുമാരി
ദൂരം
151 കിലോമീറ്റർ
എക്സ്പ്രസ് സമയം
2.44 മണിക്കൂർ
പാസഞ്ചർ ട്രെയിൻ
3.45- 4 മണിക്കൂർ
ത്രീഫേസ് മെമു ട്രെയിൻ
3.15- 3.30 മണിക്കൂർ
മെമുവിന് സ്റ്റോപ്പുകൾ
32
ഇപ്പോൾ കന്യാകുമാരി - കൊല്ലം റൂട്ടിൽ ഓടുന്ന ട്രെയിനുകൾ
l വിവേക് എക്സ്പ്രസ് - ബുധൻ
l പുനലൂർ-കന്യാകുമാരി പാസഞ്ചർ - എല്ലാദിവസവും
l കന്യാകുമാരി എക്സ്പ്രസ്- എല്ലാ ദിവസവും
l ബംഗളൂരു- കന്യാകുമാരി എക്സ്പ്രസ്- എല്ലാ ദിവസവും
l ഹിമസാഗർ എക്സപ്രസ് - വ്യാഴാഴ്ച
l മെമു- വെള്ളി ഒഴികെ എല്ലാ ദിവസവും