ആർ.സുമേഷ്
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കി തുടങ്ങിയിട്ടും നഗരത്തിലെ റോഡിന്റെ അവസ്ഥയ്ക്ക് മാത്രം മാറ്റമില്ലെന്നാണ് നഗരവാസികളുടെ പരാതി. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയും നിറഞ്ഞ റോഡുകളായിരിക്കും ഇത്തവണ ഓണത്തെ വരവേൽക്കുക. നഗരത്തിലെ ചില റോഡുകളുടെ അവസ്ഥ വളരെ വളരെ മോശമാണ്. ഓണത്തിന് മുമ്പ് റോഡുകൾ പൂർണമായും അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉറപ്പു നൽകിയിരുന്നെങ്കിലും അത് പാഴ്വാക്കാണെന്ന് ഏറക്കുറെ ഉറപ്പായി. നഗരത്തിലെ ചില പ്രധാന റോഡുകളുടെ അവസ്ഥ ഇങ്ങനെ.
ജഗതി - വഴുതക്കാട് റോഡ്
ജഗതി - വഴുതക്കാട്, ജഗതി - പൂജപ്പുര റോഡും തകർന്ന നിലയിലാണ്. മഴ പെയ്തതോടെ ഈ റോഡുകളിൽ വെള്ളം കെട്ടിനിന്ന് കാൽനട യാത്ര പോലും ദുഷ്കരമായ അവസ്ഥയാണ്. റോഡിന്റെ മോശം അവസ്ഥ കാരണം തിരക്കുള്ള സമയങ്ങളിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടാകുന്നു. ഈ റോഡുകളിലെ അറ്റകുറ്റപ്പണികൾ സിറ്റി റോഡ്സ് ഇംപ്രൂവ്മെന്റ് പ്രോജ്കടിന് കീഴിലുൾപ്പെടുത്തിയിട്ടുണ്ട്.
ടാറിംഗ് നടത്താതെ തിരുമല - മങ്കാട്ടുകടവ് റോഡ്
പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന തിരുമല -മങ്കാട്ടുകടവ് റോഡിന് ശാപമോക്ഷം നൽകാൻ പണി തുടങ്ങിയെങ്കിലും ടാറിംഗ് നടത്താനായിട്ടില്ല. അടുത്തിടെ പെയ്ത മഴയാണ് ടാറിംഗിന് തടസമായത്. മഴ പൂർണമായും മാറിയാലേ ടാറിംഗ് നടത്താനാകൂവെന്നാണ് അധികൃതർ പറയുന്നത്. പേരൂർക്കട -നെട്ടയം, പേരൂർക്കട -മണ്ണാമ്മൂല, അമ്പലമുക്ക് - എൻ.സി.സി റോഡും തകർന്ന് തരിപ്പണമായ നിലയിലാണ്.
മുളവന-മെഡിക്കൽ കോളേജ് റോഡ്
കണ്ണമ്മൂലയിൽ നിന്ന് മുളവന വഴി മെഡിക്കൽ കോളേജിലേക്കും ഗൗരീശപട്ടത്തേക്കും പോകുന്ന റോഡ് വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിക്കുഴിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതിനാൽ കണ്ണമ്മൂല നിന്ന് മെഡിക്കൽ കോളേജ്, കോസ്മോ ആശുപത്രി തുടങ്ങിയിടങ്ങളിലേക്കുള്ള യാത്ര ദുഷ്കരമായിരിക്കുകയാണ്. ഇരുചക്രവാഹനങ്ങൾ മാത്രമാണ് ഇപ്പോൾ ഇതുവഴി കടന്നുപോകുന്നത്. ഈ മേഖലയിലെ മുപ്പതോളം വരുന്ന വീടുകളിൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെട്ടതിനെ തുടർന്നാണ് പുതിയ 500 എം.എം പൈപ്പുകളിട്ട് ജലവിതരണം സുഗമമാക്കാൻ തീരുമാനിച്ചത്. മുളവന മുതൽ സ്വാതി നഗർ പാലം ജംഗ്ഷൻ വരെയാണ് ഇപ്പോൾ പൈപ്പിടൽ നടക്കുന്നത്. ഏഴ് വർഷം മുമ്പ് ഈ റോഡിൽ പൈപ്പിടാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കരാറുകാരായ മോഡേൺ കൺസ്ട്രക്ഷൻ കമ്പനിയും വാട്ടർ അതോറിട്ടിയും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് പൈപ്പിടൽ പാതിവഴിയിൽ മുടങ്ങി. കോടതി കയറിയ തർക്കം ഇപ്പോൾ പരിഹരിക്കുകയും അതേ കമ്പനിയെ കൊണ്ട് പണി പൂർത്തിയാക്കാനും തീരുമാനിക്കുകയായിരുന്നു. മുളവനയിൽ നിന്ന് ഗൗരീശപട്ടത്തേക്കുള്ള റോഡിലും പൈപ്പിടാൻ തീരുമാനിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഇവിടെയും റോഡ് കുഴിക്കുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കിഴക്കേകോട്ട മുതൽ തിരുവല്ലം വരെയുള്ള റോഡും തകർന്ന അവസ്ഥയിലാണ്. പേട്ട - ആനയറ - ലോർഡ്സ് റോഡിലും സാമാന്യം വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
തരിപ്പണമായി മുട്ടട - മരപ്പാലം, മുട്ടട - പരുത്തിപ്പാറ റോഡ്
മുട്ടട മുതൽ മരപ്പാലം വരെയുള്ള റോഡിലൂടെയുള്ള ദുരിതയാത്ര തുടങ്ങിയിട്ട് നാല് വർഷത്തോളമാകുന്നു. രണ്ട് കിലോമീറ്ററിലേറെ വരുന്ന റോഡിൽ നിറയെ കുണ്ടുംകുഴിയുമാണ്.നഗരത്തിന്റെ തിക്കിലും തിരക്കിലുംപെടാതെ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മുമ്പ് ഉപയോഗിച്ചിരുന്നതും ഈ റോഡാണ്.മുട്ടട - പരുത്തിപ്പാറ റോഡിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. അമ്പലമുക്ക് ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രോഗികളെയും കൊണ്ടുപോകുന്ന പ്രധാന പാതയാണിത്. എം.ജി കോളേജ്, മാർ ഇവാനിയോസ്, മാർബസേലിയസ്, പട്ടം സെന്റ് മേരീസ് തുടങ്ങിയ വിദ്യാലയങ്ങളിലുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സിയും സ്വകാര്യബസുകളും റോഡിന്റെ ശോചനീയാവസ്ഥ കാരണം സർവീസ് നടത്താറില്ല.
റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇപ്പോൾ അറ്റകുറ്റപ്പണി നടന്നുവരികയാണ്. വാട്ടർ അതോറിട്ടിയുടെ പൈപ്പുകൾ കൂടി ഇടുന്നുണ്ടിവിടെ. അതിനായി എടുത്ത കുഴികൾ ഇതുവരെ അടച്ചിട്ടില്ല. ഓണത്തിന് മുമ്പ് കുഴിയടയ്ക്കൽ പൂർത്തിയാക്കാനാകാത്ത സ്ഥിതിയാണ്.ഇതുകൂടാതെ അമ്പലമുക്ക് സാന്ത്വന ജംഗ്ഷനിൽ തുടങ്ങി അമ്പലനഗറിലൂടെ പറമ്പിക്കോണത്ത് എത്തുന്ന റോഡും തകർന്ന അവസ്ഥയിലാണ്. അമ്പലമുക്കിൽ നിന്ന് കുറവൻകോണത്തേക്ക് തിരിയുന്ന ഭാഗത്തും വൻകുഴി രൂപപ്പെട്ടിട്ടുണ്ട്.