കോളിളക്കം സൃഷ്ടിച്ച ചാക്കോ വധക്കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പറയുന്ന കുറുപ്പിന്റെ സെറ്റിൽ നിന്ന് ഇരുപത് ദിവസം അവധിയെടുത്ത് ദുൽഖർ സൽമാൻ മുംബയ്ക്ക് പറന്നു.സെപ്തംബർ 20ന് ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ബോളിവുഡ് ചിത്രം ദ സോയാ ഫാക്ടറിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാനാണ് ദുൽഖർ മുംബയിലേക്ക് പോകുന്നത്. സോനംകപൂർ നായികയാകുന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായാണ് ദുൽഖർ അഭിനയിക്കുന്നത്.ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പിന്റെയും സംവിധായകൻ. കുറുപ്പിൽ രണ്ട് ദിവസം അഭിനയിച്ച ദുൽഖർ സെപ്തംബർ 25 മുതൽ വീണ്ടും ചിത്രത്തിലഭിനയിച്ച് തുടങ്ങുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വെ ഫെയറർ ഫിലിംസ് എം സ്റ്റാർ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സണ്ണിവയ്ൻ, ഇന്ദ്രജിത്ത്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും വേഷമിടുന്നുണ്ട്. നായികയെ തീരുമാനിച്ചിട്ടില്ല.