jasmin-sha

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യു.എൻ.എ.) ഫണ്ടിൽ 3.5 കോടിയുടെ ക്രമക്കേട് നടത്തിയ പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കമുള്ള പ്രതികൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് ഇന്നത്തെ പത്രത്തിൽ പരസ്യം നൽകിയിട്ടുണ്ട്.

ഒന്നാം പ്രതി ജാസ്മിൻ ഷാ, രണ്ടാം പ്രതിയായ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവർ ഏറെ ദിവസങ്ങളായി ഒളിവിൽ കഴിയുകയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾ പേരു മാറ്റി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയാണെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. ഇവർ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്.

കേസിൽ നേരത്തെ ഹൈക്കോടതി ഇടപെട്ടിരുന്നു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കണമെന്നും നിശ്‌ചിത സമയത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ദേശീയ പ്രസിഡന്റും കുറ്റാരോപിതനുമായ ജാസ്മിൻ ഷാ നൽകിയ ഹർജിയിലാണ് കോടതി ഇക്കാര്യം നിർദേശിച്ചത്.

അതേസമയം, തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും യു.എൻ.എ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ഇവർ വാദിച്ചിരുന്നു. എതിർവിഭാഗത്തിന്റെ പരാതികളിൽ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തിൽ തന്നെ കേസിൽ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിൻ ഷായും സംഘവും കോടതിയിൽ വാദിച്ചത്.