തൊടുപുഴ: രണ്ടില ചിഹ്നം നേടാനുള്ള ജോസ്. കെ. മാണി പക്ഷത്തിന്റെ കൃത്രിമ നീക്കത്തിനെതിരെ പാലായിൽ സ്ഥാനാർത്ഥിയായി നിറുത്തിയ ജോസഫ് കണ്ടത്തിലിനോട് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ കേരളകോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് നിർദ്ദേശിച്ചു. ഇന്ന് തന്നെ പത്രിക പിൻവലിക്കുമെന്നാണ് റിപ്പോർട്ട്. ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പത്രിക പിൻവലിക്കാൻ പി.ജെ.ജോസഫ് നിർദ്ദേശം നൽകിയത്.
അതേസമയം, യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ വിജയത്തിന് സജീവമായി പ്രവർത്തിക്കുമെന്ന് ജോസഫ് കണ്ടത്തിൽ അറിയിച്ചു. യു.ഡി.എഫിന്റെ മഹത്തായ ആശയം ഉൾക്കൊണ്ടായിരിക്കണം അദ്ദേഹം ഈ നിർദ്ദേശം നൽകിയത്. സുക്ഷ്മ പരിശോധനയ്ക്ക് ശേഷം നാമനിർദ്ദേശ പത്രിക പിൻവലിക്കാനാണ് തീരുമാനം. പി.ജെ. ജോസഫ് തന്നോട് ഫോണിൽ ബന്ധപ്പെട്ടാണ് ഇക്കാര്യം നിർദ്ദേശിച്ചതെന്ന് ജോസഫ് കണ്ടത്തിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
രണ്ടില ചിഹ്നം നേടാനുള്ള ജോസ്. കെ. മാണി പക്ഷത്തിന്റെ കൃത്രിമ നീക്കത്തിനെതിരെയാണ് പാലായിൽ ജോസഫ് കണ്ടത്തിലിനെ സ്ഥാനാർത്ഥിയായി നിറുത്തിയതെന്ന് പി.ജെ. ജോസഫ് കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
'കോമൺ സെൻസ്' ഉപയോഗിച്ചതാണത്. പ്രാദേശിക നേതാക്കളുടെ തീരുമാനം അനുസരിച്ചാണ് നീക്കം. വിമത നീക്കമല്ല. ചിഹ്നവുമായി ബന്ധപെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതോടെ പത്രിക പിൻവലിക്കും. യു.ഡി.എഫ് തീരുമാനത്തിന് വിരുദ്ധമായി ഒന്നും ചെയ്യില്ലെന്നും ജോസഫ് അറിയിച്ചിരുന്നു.
ചിഹ്നം വേണമെന്നാവശ്യപ്പെട്ട് ജോസ് കെ. മാണിയുടെ നിർദേശ പ്രകാരം സ്റ്റീഫൻ ജോർജ് റിട്ടേണിംഗ് ഓഫീസർക്ക് കത്ത് നൽകിയതായി അറിഞ്ഞു. അത് നിലനിൽക്കുന്നതല്ല. എങ്കിലും സൂക്ഷ്മപരിശോധനയുടെ സമയത്ത് പാർട്ടിയുടെ ഭാഗം പറയാൻ ആരെങ്കിലും വേണമെന്ന് കണക്കുകൂട്ടിയാണ് പത്രിക സമർപ്പിക്കാൻ തീരുമാനിച്ചത്. പാർട്ടിയിൽ നിന്ന് അച്ചടക്ക നടപടി നേരിട്ടയാളാണ് ജോസ് ടോം. അദ്ദേഹം സസ്‌പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാമൂലം കത്ത് നൽകുകയോ ആവശ്യം ഉന്നയിക്കുകയോ ചെയ്തിട്ടില്ല. നാളിതുവരെ ജോസ്. കെ. മാണിയോ ടോം ജോസോ ചിഹ്നം വേണമെന്ന് വർക്കിംഗ് ചെയർമാനായ തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ചിഹ്നം വേണ്ടെന്നും വേണമെന്നും പറഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണ്. സസ്‌പെൻഷനിലുള്ള സ്ഥാനാർത്ഥി ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കണമെങ്കിൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അനുമതിയോടുകൂടി മാത്രമേ ചെയർമാന് കഴിയുകയുള്ളുവെന്നാണ് പാർട്ടി ഭരണഘടനയിലുള്ളത്- പി.ജെ. ജോസഫ് പറഞ്ഞു.