ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരുടെ ഓഫീസ് കേന്ദ്രീകരിച്ചും ഇ-മെയിൽ ഐഡികൾ ഉപയോഗിച്ചും മലയാളി വൻ തൊഴിൽ തട്ടിപ്പ് നടത്തിയതായി റിപ്പോർട്ട്. പത്ത് മലയാളികളിൽ നിന്നായി ബാലരാമപുരം സ്വദേശി രാജീവ് അശോക് 20 ലക്ഷം രൂപ തട്ടിയെടുത്തതായാണ് റിപ്പോർട്ട്. കേന്ദ്രമന്ത്രിമാരുടെ ലെറ്റർ ഹെഡ് വ്യാജമായുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്. സാമൂഹ്യനീതി മന്ത്രാലയത്തിന്റെ പേരിൽ നിയമന ഉത്തരവും നൽകി. കൂടാതെ മറ്റ് മന്ത്രിമാരുടെ ഓഫീസിലും തൊഴിൽ വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്. കേന്ദ്രമന്ത്രി രാംദാസ് അതാവ്‍ലെയുടെ പി.ആർ. എന്ന് പരിചയപ്പെടുത്തിയാണ് രാജീവ് അശോക് തട്ടിപ്പ് നടത്തിയത്.
കേന്ദ്ര സഹമന്ത്രി രത്തൻലാൽ കട്ടാരിയയുടെ ഇ-മെയിൽ ഐഡി ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. മൂന്ന് ഉദ്യോഗാർത്ഥികൾക്ക് പല ദിവസങ്ങളിലായി നിരവധി മെയിലുകൾ ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, നിയമനം മന്ത്രി ഓഫീസിൽ അറിയില്ലെന്ന് രാംദാസ് അതാവലെ പ്രതികരിച്ചു. സംഭവത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ പരാതി നൽകിയിരുന്നു. ഒരു പ്രമുഖ മാദ്ധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടത്.
ബാലരാമപുരം കേരളാ ഗ്രാമീണ്‍ ബാങ്കിൽ രാജീവ് അശോകന്റെ പേരിലുള്ള അക്കൗണ്ട് വഴിയും നേരിട്ടുമായി ആകെ 20 ലക്ഷത്തിലധികം രൂപയാണ് പത്തു മലയാളികള്‍ കൈമാറിയത്. യഥാർത്ഥ സർട്ടിഫിക്കറ്റുകളും കൈമാറി. ജോലിയിൽ പ്രവേശിക്കണമെന്ന് അറിയിച്ച തീയതിയും കഴിഞ്ഞതോടെ ഇവർ മന്ത്രി രാംദാസ് അതാവ്‍ലെയുടെ ഓഫീസിൽ നേരിട്ടുപോയി. ജോലിയില്ലെന്നും ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.