തിരുവനന്തപുരം: പുതിയ കേരള ഗവർണറായി ചുമതലയേൽക്കാൻ മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തെത്തി. എയർ ഇന്ത്യാ വിമാനത്തിൽ രാവിലെ 8.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയ ആരിഫ് മുഹമ്മദ് ഖാനെ മന്ത്രി കെ.ടി.ജലീലിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. തുടർന്ന് അദ്ദേഹത്തിന് ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രിമാരായ എ.കെ.ബാലൻ,ഇ.ചന്ദ്രശേഖരൻ,കടന്നപള്ളി രാമചന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തെ കാണാനെത്തി. മന്ത്രിമാരുമായി സംസാരിച്ച ശേഷം നിയുക്ത ഗവർണർ രാജ്ഭവനിലേക്ക് തിരിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ വെള്ളിയാഴ്ച രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാച്ചടങ്ങ്. കേരളത്തിന്റെ 22ാംമത്തെ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ.
അതേസമയം, സ്ഥാനമൊഴിയുന്ന ഗവർണർ പി.സദാശിവത്തിന് തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രഅയപ്പ് നൽകി. ഇന്നലെ വൈകിട്ട് 4.30ന് എയർപോർട്ട് ടെക്‌നിക്കൽ ഏരിയയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ.കെ.ബാലൻ, കെ.കൃഷ്ണൻകുട്ടി, ഡോ.കെ.ടി.ജലീൽ തുടങ്ങിയവർ ഗവർണറെയും പത്‌നി സരസ്വതി സദാശിവത്തെയും സ്വീകരിച്ചു. പൊലീസിന്റെ പരേഡിന് അഭിവാദ്യം സ്വീകരിച്ചശേഷം ഗവർണർ ആഭ്യന്തര വിമാനത്താവളത്തിലേക്ക് തിരിക്കുകയായിരുന്നു.
വിമാനത്താവളത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, സതേൺ എയർ കമാന്റ് എയർ ചീഫ് മാർഷൽ എയർ മാർഷൽ ബി.സുരേഷ്, പാങ്ങോട് സൈനിക ക്യാമ്പ് സ്‌റ്റേഷൻ കമാൻഡന്റ് ബ്രിഗേഡിയർ സി.ജി.അരുൺ, ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ, കമ്മിഷണർ എം.ആർ.അജിത് കുമാർ, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, മുഖ്യമന്ത്രിയുടെ പത്‌നി കമല, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ എത്തിയിരുന്നു.