ന്യൂഡൽഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എക്കാലത്തേക്കും നിലനിൽക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായ പ്രസ്താവനയും ശശി തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായി. മറ്റ് മതത്തിൽ പെട്ടവരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രം പണികഴിപ്പിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടു. ഒരു ദേശീയ ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്.
മുൻപ് തന്റെ മോദി അനുകൂല പ്രസ്താവനയുടെ പേരിൽ ശശി തരൂർ കോൺഗ്രസ് പാർട്ടിയിൽ നിന്നും രൂക്ഷമായ വിമർശനം നേരിട്ടിരുന്നു. ഇതിന് പിറകെയാണ് ഇപ്പോഴത്തെ ഈ പ്രസ്താവന. ആർട്ടിക്കിൾ 370 എക്കാലത്തേക്കും നിലനിർത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. എല്ലാക്കാലത്തേക്കും നിലനിർത്താൻ ഉദ്ദേശിച്ച് കൊണ്ടുള്ളതായിരുന്നില്ല അത് എന്നാണ് താൻ വിചാരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേക പദവി എത്രകാലത്തേക്ക് ആവശ്യമാണോ അത്രയും കാലം അത് നിലനിന്നാൽ മതി എന്നതായിരുന്നു ജവഹർലാൽ നെഹ്രുവിന്റെ നിലപാട്. തരൂർ ചൂണ്ടിക്കാട്ടി.
എന്നാൽ, ഗിൽജിത് ബാൾട്ടിസ്ഥാനിലും പാക് അധീന കാശ്മീരിലുമുള്ള പാകിസ്ഥാന്റെ ചെയ്തികളോട് നമ്മൾക്ക് എതിർപ്പുണ്ടെന്നും എന്നാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ തന്നെയാണ് ഇപ്പോൾ ഇന്ത്യ കാശ്‌മീരിൽ ചെയ്തിരിക്കുന്നതെന്നും തരൂർ പറഞ്ഞു. അയോദ്ധ്യയിലെ രാമക്ഷേത്ര വിഷയത്തെക്കുറിച്ച് സംസാരിച്ച ശശി തരൂർ, ചരിത്ര വസ്തുതകൾ പരിശോധിക്കുമ്പോൾ അവിടെയൊരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാണ് മനസിലാകുന്നതെന്നും പറഞ്ഞു. അവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത് അതൊരു രാമക്ഷേത്രം ആണെന്നും ഇതുമായി ആഴത്തിലുള്ള വിശ്വാസമാണ് ജനങ്ങൾക്കുള്ളതെന്നും ശശി തരൂർ പറഞ്ഞു. മറ്റ് മതവിശ്വാസികളുടെ ആരാധനയ്ക്കുള്ള സ്ഥലങ്ങൾ നശിപ്പിക്കാതെ അവിടെ ഒരു ക്ഷേത്രം നിർമ്മിക്കേണ്ടത് ആവശ്യമാണെന്നും ശശി തരൂർ പറഞ്ഞു.