
ന്യൂഡൽഹി: ഹരിയാന കോൺഗ്രസ് ഈയിടെയായി നേരിടുന്ന പ്രധാനപ്പെട്ട വെല്ലവിളികളിലൊന്നായിരുന്നു പാർട്ടിയിലെ വിമത നീക്കം. പാർട്ടിയിലെ ഉന്നതനേതാവായ ഭൂപീന്ദർ സിംഗ് ഹൂഡ വിമതനീക്കത്തിന് നേതൃത്വം നൽകുന്നതിനെ തുടർന്ന് ദേശീയ നേതൃത്വം വിഷയത്തെ കാര്യമായാണ് പരിഗണിച്ചത്. എന്നാൽ ഇപ്പോഴിതാ കോൺഗ്രസ് അദ്ധ്യക്ഷയായി വീണ്ടും സോണിയ ഗാന്ധി എത്തിയതോടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. വിമത നീക്കത്തിന് നേതൃത്വം നൽകുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിംഗ് ഹൂഡയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായും തിരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷനായി നിയമിച്ചാണ് സോണിയെ വെല്ലുവിളി പരിഹരിച്ചത്.
ഹൂഡയെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവാക്കിയതിന് പിന്നാലെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷയായി മുൻ കേന്ദ്രമന്ത്രിയായ കുമാരി ഷെൽജയെ നിയമിച്ചു. കോൺഗ്രസ് അദ്ധ്യക്ഷനായിരുന്ന അശോക് തൻവറിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഹൂഡ ആദ്യം രംഗത്തെത്തിയത്. അശോക് തൻവറിനെ മാറ്റുകയും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള അവകാശം തനിക്ക് നൽകണമെന്നായിരുന്നു ഹൂഡ ആവശ്യപ്പെട്ടത്. എന്നാൽ രാഹുൽ ഗാന്ധി ഇടപെട്ടായിരുന്നു ദളിത് വിഭാഗത്തിൽ നിന്നുള്ള അശോക് തൻവറിനെ നിയമിച്ചിരുന്നത്. അതുകൊണ്ട് തന്നെ തൻവറിനെ മാറ്റുന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ഇതേ തുടർന്നാണ് ഹൂഡ വിമത നീക്കം ശക്തമാക്കിയത്.
ഹൂഡയുടെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചാൽ കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടാകുമെന്നതിനെ തുടർന്നാണ് അശോക് തൻവറിനെ മാറ്റാൻ തീരുമാനിച്ചത്. ഹൂഡ വിഭാഗത്തോട് അടുപ്പം പുലർത്തുന്ന കുമാരി ഷെൽജയെ കോൺഗ്രസ് അദ്ധ്യക്ഷയാക്കിയതും ഇതിന് വേണ്ടിയാണ്. കോൺഗ്രസ് അദ്ധ്യക്ഷയായി വീണ്ടും ചുമതലയേറ്റ സോണിയ ഗാന്ധിയും ഗുലാംനബി ആസാദും നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. അതേസമയം, പാർട്ടിയിലെ വിമത നീക്കം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് കരുതിയ ബി.ജെ.പിക്ക് സോണിയയുടെ പുതിയ നീക്കം തിരിച്ചടിയായിരിക്കുകയാണ്.