ന്യൂഡൽഹി: ജമ്മുകാശ്‌മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ഡൽഹി എയിംസ് ഹോസ്‌പിറ്റലിലേക്ക് മാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടു. തരിഗാമിയുടെ കുടുംബാംഗങ്ങൾക്കും ഡൽഹിയിലേക്ക് വരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സി.പി.എം ജനറൽ സെക്രട്ടറി സീതീറാം യെച്ചൂരി തരിഗാമിയെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ തരിഗാമിയുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യെച്ചൂരി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇത് പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ.ബോബ്ദെ, അബ്ദുൾ നസീർ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. യെച്ചൂരി സമർപ്പിച്ച സത്യവാങ്മൂലത്തിലെ പരാമർശത്തെ കോടതി വിമർശിച്ചു. യെച്ചൂരി റിപ്പോർട്ടിലൂടെ ഉന്നയിച്ച ആരോപണങ്ങളിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, കാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ കാണാൻ മകൾ സിൽതിജക്കും കോടതി അനുമതി നൽകി. അമ്മയെ കാണാൻ തന്നെ കാശ്മീരിലേക്ക് പോകാൻ അനുവദിക്കുന്നില്ലെന്നായിരുന്നു അവരുടെ പരാതി.
ശ്രീനഗറിലെത്തി അമ്മയെ കാണണമെന്നായിരുന്നു ഹർജിയിൽ മകൾ ആവശ്യപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും അമ്മയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് ആശങ്കയുണ്ടെന്നും അവർ ഹർജിയിൽ പറഞ്ഞിരുന്നു.സിൽതിജക്ക് അമ്മയെ കാണാമെന്നും അധികൃതരുടെ നിർദേശങ്ങൾ അനുസരിക്കണമെന്നും കോടതി അറിയിച്ചു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി ജമ്മുകാശ്മീരിലെത്തി മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദർശിച്ചത്. ഗുപ്കർ റോഡിലെ വീട്ടിലാണ് തരിഗാമി കരുതൽ തടങ്കലിൽ കഴിയുന്നത്. ജമ്മുകാശ്മീനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സാഹചര്യത്തിൽ ജമ്മുവിൽ ഏർപ്പെടുത്തിയ കർശനനിയന്ത്രണങ്ങളുടെ ഭാഗമായാണ് തരിഗാമി ഉൾപ്പെടെയുള്ള രാഷ്ട്രീയനേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.