കോഴിക്കോട്: കണ്ണൂരിലെ പൊതുവച്ചേരി ഗ്രാമത്തിൽ നിന്നും 2500 വർഷം പഴക്കമുള്ള വാൾ കണ്ടെടുത്ത് സംസ്ഥാന പുരാവസ്തു വകുപ്പ്. കോഴിക്കോട് നിന്നുമുള്ള പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരാണ് 'മെഗാലിത്തിക്' കാലഘട്ടത്തിൽ നിന്നുമുള്ള ഇരുമ്പ് കൊണ്ട് നിർമിച്ച ഒരു വാൾ, ഉളി, അലങ്കാരാവശ്യത്തിന് ഉപയോഗിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന മൺപാത്രങ്ങൾ എന്നിവ കണ്ടെടുത്തത്. ശാസ്ത്രീയ നിഗമനത്തിൽ ഈ വാളിന് 2500 കൊല്ലം പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
105 സെന്റിമീറ്റർ നീളമുള്ള വാളാണ് കണ്ടെടുത്തിരിക്കുന്നത്. കണ്ണൂർ നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മണിക്കിയിൽ ക്ഷേത്രത്തിലേക്കുള്ള ടാർ ചെയ്യാത്ത റോഡരികിൽ നിന്നുമാണ് ഈ വാളും മറ്റ് വസ്തുക്കളും പുരാവസ്തു വകുപ്പ് കണ്ടെടുക്കുന്നത്. ഇത് യാദൃശ്ചികമായി കണ്ടെടുക്കുകയായിരുന്നുവെന്ന് ഖനനത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ കെ. കൃഷ്ണരാജ് പറഞ്ഞു.
2.5 മീറ്റർ വ്യാസവും 90 ഉയരവുമുള്ള ഗുഹയിൽ നിന്നുമാണ് സാധനങ്ങൾ കണ്ടെടുത്തത്. ഒരാഴ്ചയോളം സ്ഥലത്ത് പരിശോധന നടത്തേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് ക്ഷേത്രത്തിലേക്കുള്ള ചരൽ വഴിയിൽ ഒരു കുഴി രൂപപ്പെടുകയും ഇത് പരിശോധിച്ച നാട്ടുകാർ ഇവിടെ നിന്നും ഏതാനും പുരാതന വസ്തുക്കൾ കണ്ടെടുകയും ഇത് വീട്ടിൽ കൊണ്ടുപോകുകയും ഉണ്ടായി.
ഏറെ കഴിഞ്ഞാണ് ഇവർ ഇക്കാര്യം പുരാവസ്തു വകുപ്പിനെ അറിയിച്ചതും പുരാവസ്തുക്കൾ വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറിയതും. ഇത് വളരെ അപൂർവമായി കാണുന്ന ഒരു കാര്യമല്ലെന്നും മുൻപ് കോഴിക്കോട്ടെ കുറുവട്ടൂരിൽ നിന്നും ഈ മാതൃകയിലുള്ള വാൾ കണ്ടെടുത്തിട്ടുണ്ടെന്നും കൃഷ്ണരാജ് പറയുന്നു. കണ്ണൂരിൽ നിന്നും കണ്ടെടുത്ത സാധനങ്ങൾ അധികം താമസിയാതെ കോഴിക്കോട് ഈസ്റ്റ് ഹില്ലിലുള്ള പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിലേക്ക് മാറ്റും.