കൊച്ചി: യുവവ്യവസായി പോൾ എം.ജോർജ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ എട്ടുപേരെ ഹൈക്കോടതി വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയടക്കം എട്ടു പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് കോടതി ഉത്തരവിട്ടത്. എട്ട് പേരും അപ്പീൽ ഫയൽ ചെയ്തെങ്കിലും കേസിലെ രണ്ടാം പ്രതി കാരി സതീഷ് അപ്പീൽ ഫയൽ ചെയ്യാത്തതിനെ തുടർന്ന് ഇയാളുടെ ശിക്ഷയിൽ തീരുമാനമെടുത്തില്ല. 2009നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയാണ് കേസിൽ പതിമൂന്ന് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്. പതിനാലാം പ്രതി അനീഷിനെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെവിട്ടിരുന്നു. ജയചന്ദ്രൻ, ചങ്ങനാശേരി ക്വട്ടേഷൻ സംഘത്തിലെ കാരി സതീശ്, സത്താർ, ആകാശ് ശശിധരൻ, സതീഷ് കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ, അബി, റിയാസ്, സിദ്ദിക്ക്, ഇസ്മയിൽ, സുൾഫിക്കർ, സബീർ എന്നിവരെയാണ് ജഡ്ജി ആർ. രഘു കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ പ്രതികൾ പോൾ എം.ജോർജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീർ എന്ന ഗുണ്ടയെ വകവരുത്താൻ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോൾ മുത്തൂറ്റിന്റെ ഫോർഡ് എൻഡവർ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ കാരി സതീഷും സംഘവും പോൾ ജോർജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്. രണ്ടു കേസുകളായി അന്വേഷിച്ച് സി.ബി.ഐ വെവ്വേറെ കുറ്റപത്രം സമർപ്പിച്ചെങ്കിലും, കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു.
നെടുമുടി പൊലീസെടുത്ത കേസിൽ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോൾ ജോർജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തൻപാലം രാജേഷും പ്രതികളായിരുന്നു. എന്നാൽ സി.ബി.ഐ. ഇവരെ മാപ്പ് സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയിൽ നൽകിയ മൊഴി. 2012 നവംബർ പത്തൊൻപതിന് ആരംഭിച്ച വിചാരണയിൽ, പോൾ ജോർജിന്റെ ഡ്രൈവർ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീശ് അടക്കമുള്ളവരെ തിരിച്ചറിഞ്ഞിരുന്നു. ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പൊലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സി.ബി.ഐ., കൊലയ്ക്കുപയോഗിച്ച യഥാർഥ കത്തിയും കോടതിയിൽ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് 'എസ്' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. കെ.എം.ടോണി മൊഴിനൽകിയത് നേരത്തെ വിവാദമായിരുന്നു.