army-chief

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ഇക്കഴിഞ്ഞ മാസം അവസാനമാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ കരസേനാ മേധാവി ബിപിൻ റാവത്ത് കാശ്മീരിലെത്തിയത്. ശ്രീനഗറും കാശ്മീർ താഴ്‌വരയും അദ്ദേഹം സന്ദർശിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കരസേനാ മേധാവി. ഭീകരവാദ പരിശീലന ക്യാമ്പുകൾ വീണ്ടും തുറക്കാൻ പാകിസ്ഥാൻ തയ്യാറെടുക്കുകയാണെന്നും നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറ്റക്കാരെ കടത്തിവിടുകയാണെന്നും കരസേനാ മേധാവി ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്ഥാനുമായി ഇന്ത്യ യുദ്ധത്തിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്ഥാന്റെ താൽപര്യം എന്താണെന്ന് വച്ചാൽ ഇന്ത്യ അതിന് തയ്യാറാണെന്നും ഇന്ത്യയുമായി യുദ്ധമാണ് പാകിസ്ഥാൻ ആഗ്രഹിക്കുന്നതെങ്കിൽ അതിനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ‘പാകിസ്ഥാൻ എന്താണ് താൽപര്യം അതിന് ഞാൻ തയ്യാറാണ്. അവർക്ക് വേണ്ടത് ബാറ്റ് (ബോർഡർ ആക്ഷൻ ടീം) ആണെങ്കിൽ ഞാൻ തയ്യാർ. ഇന്ത്യയുമായി അവർക്ക് പരിമിതമായ നടപടികളാണ് വേണ്ടതെങ്കിലും തയ്യാറാണ്. അവർക്ക് ഇന്ത്യയുമായി യുദ്ധമാണ് വേണ്ടതെങ്കിൽ ഇന്ത്യൻ സൈന്യവും തയ്യാർ.’-ബിപിൻ റാവത്ത് പറഞ്ഞു.

‘ഇന്ത്യയിലേക്ക് കഴിയാവുന്നത്ര ഭീകരവാദികളെ കടത്തിവിടാൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്ന് ചിനാർ പൊലീസ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെ.ജി.എസ് ധില്ലൺ അവകാശപ്പെട്ടിരുന്നു. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ട് ലക്ഷ്‌കർ ഇ തൊയ്ബ ഭീകരവാദികളെ പിടികൂടിയിട്ടുണ്ടെന്നും ധില്ലൻ പറഞ്ഞു. ഇന്ത്യയിലേക്ക് തങ്ങളല്ല തീവ്രവാദികളെ അയക്കുന്നതെന്നായിരുന്നു അവർ ലോകത്തോട് പറഞ്ഞുകൊണ്ടിരുന്നത്. പക്ഷേ, ഇപ്പോൾ ഭീകരവാദത്തെ പിന്തുണയ്ക്കുന്നതിൽ അവരുടെ പങ്ക് വെളിവാക്കുകയാണ്.’ -റാവത്ത് പറഞ്ഞു. 15 ദിവസത്തിനുള്ളിൽ നിങ്ങൾക്ക് തീവ്രവാദികളെ സജ്ജരാക്കാൻ സാധിക്കില്ലെന്നും ഇന്ത്യയുടെ നിയന്ത്രണ രേഖയിൽ ഇപ്പോഴും സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കാശ്മീരിനെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് പാക് സൈന്യം പറഞ്ഞിരുന്നു. ഇന്ത്യയുമായി ഒരിക്കലും യുദ്ധത്തിനില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും വ്യക്തമാക്കിയിരുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ ഇന്ത്യ റദ്ദാക്കിയതിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായത്.