imran-khan

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഓൺലൈൻ വഴി വ്യാജപ്രചരണം നടത്തിയ പാകിസ്ഥാന് കിട്ടിയത് മുട്ടൻ പണി.. ഫേസ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ എന്നീ സോഷ്യൽ മീഡിയകളിലൂടെ ഏറെ നാളുകളായി പാകിസ്ഥാൻ വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു. ഇതുമൂലം പാകിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. 'ഇന്ത്യൻ അധിനിവേശ' കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ എന്ന പേരിലാണ് പാകിസ്ഥാനി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരന്തരം ചിത്രങ്ങളും, വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചത്. ഈ അക്കൗണ്ടുകളെല്ലാം ഇപ്പോൾ ബ്ലോക്ക് ചെയ്യപ്പെട്ടത് ഇന്ത്യയുടെ ഇടപെടൽ മൂലമാണെന്നാണ് പാകിസ്ഥാന്റെ പരാതി. തെറ്റായതും പ്രകോപനപരമായതുമായ വിവരങ്ങൾ പങ്കുവച്ചതിനാണ് ഈ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടത്.

ഈ സംഭവത്തിനെതിരെ പാകിസ്ഥാനിൽ പ്രതിഷേധം കനക്കുകയാണ്. കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാൻ ഇന്ത്യ തീരുമാനിച്ചതിനു ശേഷം പാക് അനുകൂലമായ 333 അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്യപ്പെട്ടത്. കാശ്മീർ വിഷയം ചർച്ച ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവച്ച വിഷയം ചൂണ്ടികാണിച്ച് പാക്കിസ്ഥാനിലെ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ഡയറക്ടർ ജനറൽ മേജർ ഗഫൂർ രംഗത്തെത്തിയിരുന്നു. അക്കൗണ്ടുകൾ നിർത്തിയ വിഷയം പാകിസ്ഥാൻ ടെലികമ്യൂണിക്കേഷൻസ് അതോറിറ്റി ട്വിറ്ററുമായി ചർച്ച ചെയ്തിരുന്നു. എന്നാൽ ട്വിറ്റർ പ്രതികരിക്കാൻ തയാറായില്ല.

ട്വിറ്ററിന്റെ ഈ നിലപാട് പക്ഷപാതിത്വപരമാണെന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്. കാശ്മീർ വിഷയത്തെ കുറിച്ച് ട്വീറ്റ് ചെയ്യുന്നത് തങ്ങൾ നിർത്തി വച്ചിരിക്കുകയാണെന്ന് പാകിസ്ഥാനിലെ നിരവധി സോഷ്യൽ മീഡിയ യൂസേഴ്സ് ട്വിറ്റർ വഴി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ട്വീറ്റിനോട് പ്രതികരിച്ചതിന് പാക് മാദ്ധ്യമപ്രവർത്തകന്റെ ട്വിറ്റർ അക്കൗണ്ട് താത്കാലികമായി നിർത്തിവച്ചിരുന്നു. അമേരിക്കയിലെ സിലിക്കൺ വാലിയിൽ അടക്കമുള്ള ഇന്ത്യയുടെ സ്വാധീനമാണ് സോഷ്യൽ മീഡിയ ബ്ലോക്കിന് പിന്നിൽ എന്നാണ് പാകിസ്ഥാൻ ആരോപിക്കുന്നത്.