pj-joseph

കോട്ടയം: യു.ഡി.എഫ് സ്ഥാനാർത്ഥിയായ ജോസ് ടോം സമർപ്പിച്ച രണ്ടു പത്രികയിലും പിഴവുണ്ടെന്ന് കേരള കോൺഗ്രസ് (എം)​വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ആരോപിച്ചു. ജോസ് ടോം മത്സരിക്കുന്നത് പാർട്ടി ഭരണഘടനയ്ക്ക് എതിരാണെന്നും യു.ഡി.എഫ് നിർബന്ധിച്ചത് കൊണ്ടാണ് ജോസ് ടോമിനെ അംഗീകരിച്ചത്. രണ്ടില ചിഹ്നം നൽകില്ലെന്ന് യു.ഡി.എഫ് യോഗത്തിൽ അറിയിച്ചതാണ്. ജോസ് കെ. മാണി ഇപ്പോൾ ചെയ്യുന്നതെല്ലാം ദുരൂഹമാണെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

അതേസമയം,​ ജോസഫ് കണ്ടത്തിലിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു. ജോസഫ് കണ്ടത്തിലിനോട് നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ പി.ജെ. ജോസഫ് നേരത്തെ നിർദ്ദേശിച്ചിരുന്നു. ജോസഫ് പക്ഷം ആക്ഷേപം ഉന്നയിച്ചതിനാൽ ജോസ് ടോമിന്റെ നാമനിർദേശപത്രിക വരണാധികാരി വീണ്ടും പരിഗണിക്കുകയാണ്. ജോസ് ടോമിനെ പാർട്ടി സ്ഥാനാർഥിയായി പരിഗണിക്കരുതെന്ന് ജോസഫ് പക്ഷം ജില്ലാ വരണാധികാരിയോട് ആവശ്യപ്പെട്ടു.

ഇതിനിടെ ജോസ് ടോമിന്റെ അപേക്ഷയിൽ ഒപ്പിട്ടതിനെചൊല്ലിയും തർക്കം ഉടലെടുത്തു. കൂടാതെ സീൽ കേരള കോൺഗ്രസ് എമ്മിന്റേതല്ലെന്നും വാദമുയർന്നു. ഫോം ബിയിൽ ഒപ്പിട്ട സ്റ്റീഫൻ ജോർജ് ഔദ്യോഗിക ഭാരവാഹിയല്ലെന്നും ജോസ് ടോമിന്റെ പത്രികയിൽ 15ഓളം കോളങ്ങൾ പൂരിപ്പിച്ചില്ലെന്നും ആക്ഷേപമുയർന്നു.