ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി, രാമക്ഷേത്ര വിഷയം എന്നിവയെക്കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് കോൺഗ്രസ് എം.പി ശശി തരൂർ. ഈ രണ്ട് വിഷയത്തിലും താൻ ബി.ജെ.പിയെ പിന്തുണച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് താൻ ഞെട്ടിപ്പോയെന്നും ശശി തരൂർ പറഞ്ഞു. ഈ വിഷയങ്ങളിലുള്ള തന്റെ നിലപാടുകളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും ശശി തരൂർ തന്റെ ട്വീറ്റിലൂടെ പറഞ്ഞു.
Amazed by distorted accounts in some media claiming i have endorsed the BJP's point of view on Ayodhya, Art 370 &UniformCivilCode. My stands on these issues have not changed in any way. I urge people to read what i have actually said. I am not responsible for others' distortions
'അയോദ്ധ്യ, ആർട്ടിക്കിൾ 370, ഏകീകൃത സിവിൾ കോഡ് എന്നീ വിഷയങ്ങളിൽ ഞാൻ ബി.ജെ.പിയുടെ കാഴ്ചപ്പാടിനെ അംഗീകരിച്ചുവെന്ന തരത്തിൽ ഏതാനും മാധ്യമങ്ങളിൽ വന്ന വളച്ചൊടിക്കപ്പെട്ട റിപ്പോർട്ടുകൾ കണ്ട് ഞെട്ടിപ്പോയി. ഈ വിഷയങ്ങളിലുള്ള എന്റെ നിലപാടുകളിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സത്യത്തിൽ എന്താണ് ഞാൻ പറഞ്ഞതെന്ന് വായിച്ചു നോക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുകയാണ്. മറ്റുള്ളവർ എന്റെ വാക്കുകൾ വളച്ചൊടിക്കുന്നതിന് ഞാൻ ഉത്തരവാദിയല്ല.’ ശശി തരൂർ ട്വീറ്റ് ചെയ്തു.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എക്കാലത്തേക്കും നിലനിൽക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് അനുകൂലമായ പ്രസ്താവനയും ശശി തരൂരിന്റെ ഭാഗത്തുനിന്നും ഉണ്ടായതായി വാർത്തകൾ വന്നിരുന്നു. മറ്റ് മതത്തിൽ പെട്ടവരുടെ ആരാധനയ്ക്ക് മുടക്കം വരുത്താത്ത രീതിയിൽ അയോദ്ധ്യയിൽ രാമക്ഷേത്രം പണികഴിപ്പിക്കണമെന്നും എം.പി അഭിപ്രായപ്പെട്ടിരുന്നു. ഒരു ദേശീയ ദിനപത്രവുമായുള്ള അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്.