muthoot

കൊച്ചി: മുത്തൂറ്റ് ഫിനാൻസിലെ സി.ഐ.ടി.യു ജീവനക്കാർ നടത്തിവരുന്ന സമരത്തിൽ ഹൈക്കോടതി ഇടപെടുന്നു. മുത്തൂറ്റ് ശാഖയിൽ ജോലിക്കെത്തുന്ന ജീവനക്കാരെ തടയാൻ സമരക്കാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജീവനക്കാരെ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ ജീവനക്കാർക്ക് അവശ്യമായ സംരക്ഷണം ഒരുക്കാൻ പൊലീസിനോടും സർക്കാരിനോടും കോടതി നിർദ്ദേശം നൽകുകയും ചെയ്തു. മുത്തൂറ്റിലെ സമരത്തിൽ പങ്കെടുക്കാത്ത ജീവനക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

അതേസമയം, സി.ഐ.ടി.യു സമരം മൂലം അടച്ചിട്ടിരിക്കുന്ന മുന്നൂറിലേറെ ശാഖകൾ മറ്റു മാർഗങ്ങളില്ലെങ്കിൽ പൂട്ടേണ്ടിവരുമെന്നു മുത്തൂറ്റ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ് അറിയിച്ചു. റിസർവ് ബാങ്കിന്റെ അനുമതിയോടെ ഇവ ഘട്ടം ഘട്ടമായി പൂട്ടുമെന്ന് ബാനർജി റോഡിലെ ഹെഡ് ഓഫിസ് സി.ഐ.ടി.യു പ്രവർത്തകർ ഉപരോധിച്ച പശ്ചാത്തലത്തിൽ അദ്ദേഹം മാദ്ധ്യമപ്രവർത്തകരോടു വ്യക്തമാക്കി.

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കവും സമരവും ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ചയോഗത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്തതിനാൽ ചർച്ച മാറ്റിവച്ചു. 9നു വൈകീട്ടു കൊച്ചിയിൽ ചർച്ച നടത്താനും തീരുമാനിച്ചു. എത്താൻ കഴിയില്ലെന്നു മുത്തൂറ്റ് മാനേജ്‌മെന്റ് ഇ-മെയിൽ സന്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലും കൂടിയാലോചനയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാടിലാണു വീണ്ടും ചർച്ച നടത്താൻ തീരുമാനിച്ചത്.യോജിപ്പിനുള്ള ശ്രമങ്ങൾക്കാണു സർക്കാർ മുൻകൈ എടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.