narendra-modi

വ്ളാദിവസ്തോക്: ഏഷ്യയുടെ ഭാഗമായ കിഴക്കൻ മേഖലയുടെ വികസനത്തിനായി ഇന്ത്യ റഷ്യയ്ക്ക് 100കോടി ഡോളർ വായ്പ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നടക്കുന്ന ഈസ്റ്റേൺ എക്കണോമിക് ഫോറത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

'കിഴക്കൻ ഏഷ്യയുടെ വികസനത്തിന് റഷ്യയോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും.സൗഹൃദ രാജ്യങ്ങളുടെ വിവിധ പ്രദേശങ്ങളുടെ വികസനത്തിന് ഇന്ത്യ സജീവ പങ്കാളിത്തം ഉറപ്പുവരുത്തും.ഞങ്ങൾ സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യവുമായി പുതിയ ഇന്ത്യയെ നിർമ്മിച്ചെടുക്കും'-​ മോദി പറഞ്ഞു. 2024ഓടെ അഞ്ച് ട്രില്യൻ ഡോളർ സമ്പദ്ഘടനയെന്ന നേട്ടം ഇന്ത്യ കൈവരിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് ദിവസത്തെ സന്ദർശനത്തിന് ബുധനാഴ്ചയാണ് നരേന്ദ്ര മോദി റഷ്യയിലെത്തിയത്. ബുധനാഴ്ച രാവിലെ റഷ്യൻ വ്ളാഡിവോസ്റ്റോക്ക അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഉജ്ജ്വല വരവേൽപ്പാണ് ലഭിച്ചത്. അദ്ദേഹത്തെ സ്വീകരിക്കാൻ റഷ്യൻ ഉപ വിദേശകാര്യമന്ത്രി ഇഗോർ മോർഗുലോവ് എത്തിയിരുന്നു. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം.

370 റദ്ദാക്കിയത് ചൈനയുടെ പിന്തുണയോടുകൂടി യു.എൻ രക്ഷാസമിതിയിൽ എത്തിച്ച പാകിസ്ഥാന്റെ നീക്കത്തെ മുളയിലേ നുള്ളിയത് റഷ്യയുടെ പിന്തുണയോടു കൂടിയായിരുന്നു.റഷ്യൻ ഇടപെടലിനു പിന്നാലെ രക്ഷാസമിതിയിലെ ചൈനയൊഴികെയുള്ള മറ്റെല്ലാ സ്ഥിരാംഗങ്ങളും കാശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.