പേര് സൂചിപ്പിക്കും പോലെ 'ലവ് ആക്ഷൻ ഡ്രാമ' ഒരു എന്റർട്ടെയിൻമെന്റ് പാക്കേജാണ്. പ്രണയവും തമാശയും സംഘട്ടനവും അതിനിടയിൽ നടക്കുന്ന നാടകീയതയും കൊണ്ട് പ്രേക്ഷകനെ ആദ്യാന്തം രസിപ്പിക്കാനാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിൽ ധ്യാൻ ശ്രീനിവാസൻ ശ്രമിച്ചിരിക്കുന്നത്. നിവിൻ പോളിയുടെ ആരാധകർ ഇഷ്ടപ്പെടുന്ന കുസൃതികളും തമാശകളും നിറഞ്ഞ യുവാവിന്റെയും അയാളുടെ പ്രണയത്തിന്റെയും സിനിമയാണ് ഇത്. നയൻതാര ആദ്യമായി നിവിൻ പോളിയുടെ നായികയായിയെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ദിനേഷൻ (നിവിൻ) ഒരു സമ്പന്ന കുടുംബത്തിലെ ഒരേയൊരു സന്തതിയാണ്. പ്രത്യേകിച്ച് ജോലിയൊന്നുമില്ലാതെ നടക്കുകയാണ് ഇദ്ദേഹം. അയാൾക്ക് ഒരേയൊരു പ്രശ്നമേയുള്ളു-താൻ വിവാഹം കഴിക്കാൻ ആഗ്രഹിച്ച മുറപ്പെണ്ണിന്റെ വിവാഹമാണ്. അതിന്റെ നൈരാശ്യത്തിൽ നടക്കുന്ന ദിനേശൻ വധുവരന്മാരെ ഉപദ്രവിക്കാൻ ചെയ്തതിന്റെ ഇരയായത് പക്ഷെ വധുവിന്റെ സുഹൃത്ത് ശോഭയാണ് (നയൻതാര). അങ്ങനെ ചെറിയൊരു അപകടം മുഖേന കണ്ടുമുട്ടിയ ഇരുവരുടെയും ബന്ധം പ്രണയമാകുന്നതും അതിനിടയിൽ ഉണ്ടാകുന്ന തമാശകളും പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ജീവിതത്തിൽ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ നടക്കുന്ന ദിനേഷൻ സ്വഭാവം കൊണ്ടും മാന്യനൊന്നുമല്ല. തന്റെ ബന്ധുവും സുഹൃത്തുമായ സാഗറുമൊത്ത് (അജു വർഗീസ്) നിരന്തരം മദ്യപാനമാണ്. ദിനേഷന്റെ അമ്മയ്ക്കാണെങ്കിൽ മകനെ നന്നാക്കാമെന്ന വിശ്വാസവുമില്ല. എന്നാൽ ശോഭയെ കൈക്കലാക്കാൻ തന്നാലാവും വിധം നല്ല നടപ്പിന് ശ്രമിക്കുകയാണ് അയാൾ. എന്നാലും തന്റെയോ സാഗറിന്റെയോ പ്രവൃത്തികൾ എതെങ്കിലുമൊരു തരത്തിൽ ഇത് നശിപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഇത്തരം അബദ്ധങ്ങളും നിവിൻ പോളി-അജു വർഗീസ് കൂട്ടുകെട്ടിന്റെ കെമ്സ്ട്രിയുമാണ് ചിത്രത്തിന്റെ പ്രധാന രസക്കൂട്ട്. ഗൗരവമായ കഥാസന്ദർഭങ്ങൾ പോലും തമാശയുടെ മേമ്പൊടിയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കള്ളുകുടി, ഉത്തരവാദിത്വമില്ലായ്മ തുടങ്ങി സ്വഭാവദൂഷ്യങ്ങൾ ഏറെയുണ്ടെങ്കിലും ദിനേഷൻ ശോഭയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ച് അവളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് വഴി, ശ്രമിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ മനുഷ്യനുള്ളൂ എന്ന സന്ദേശവും ചിത്രം നൽകുന്നുണ്ട്.
'ലവ് ആക്ഷൻ ഡ്രാമ'യിലെ കഥ ലളിതമാണ്- 'ലവ്' മൂലമുണ്ടാകുന്ന ആക്ഷനും ഡ്രാമയും. തമാശകളും രസമുള്ള ഗാനങ്ങളും നിറഞ്ഞ ആദ്യ പകുതിയിൽ നിന്ന് രണ്ടാം പകുതിയിലെത്തുമ്പോൾ ചിത്രത്തിൽ ചെറിയൊരു പതർച്ച അനുഭവപ്പെടുന്നുണ്ട്. പ്രവചനീയമായ കഥയ്ക്കൊപ്പം പ്രേക്ഷകനെ പിടിച്ചിരുത്താൻ പോന്ന സന്ദർഭങ്ങളും ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം.
വിനീത് ശ്രീനിവാസൻ ആലപിച്ച കുടുക്ക് കൊട്ടിയ കാലത്ത് എന്ന ഗാനം ഇതിനോടകം യുടൂബിൽ ഹിറ്റാണ്. ചിത്രത്തിലെ മറ്റു ഗാനങ്ങളും ഒരു ഫെസ്റ്റിവൽ സിനിമയാണെന്ന തോന്നൽ ഉളവാക്കാൻ സഹായിച്ചിട്ടുണ്ട്.
പതിറ്റാണ്ടുകൾക്ക് മുൻപ് സിനിമാപ്രേമികളുടെ ഹൃദയത്തിൽ കയറിയ വടക്കുനോക്കിയന്ത്രത്തിലെ കഥാപാത്രങ്ങളുടെ പേരുണ്ടെങ്കിലും 'ലവ് ആക്ഷൻ ഡ്രാമയി'ലെ നായകനും നായികയ്ക്കും അടിമുടി മാറ്റമുണ്ട്. തട്ടത്തിൻ മറയത്ത്, ഒരു വടക്കൻ സെൽഫി തുടങ്ങിയ സിനിമകളിലെ നിവിൻ കഥാപാത്രങ്ങളിലേക്കുള്ള തിരിച്ചു പോക്കാണ് ദിനേഷൻ. കുറച്ചു നാളുകൾക്ക് ശേഷം തമാശ പറഞ്ഞ് രസിപ്പിക്കുന്ന നിവിനെ ഇതിൽ കാണാം. നിവിൻ-അജു വർഗീസ് കൂട്ടുകെട്ടിന്റെയും മലയാളത്തിലേക്ക് ലേഡി സൂപ്പർതാരം നയൻതാരയുടെയും തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ശക്തമായ കഥാപാത്രമല്ലെങ്കിലും സ്വന്തം നിലപാടുകളുള്ള സ്വയം പര്യാപ്തതയുള്ള സ്ത്രീയാണ് ശോഭ. ചെറിയ കഥാപാത്രങ്ങളിൽ എത്തുന്നവർ പോലും രസകരമാണ്. വിനീത് ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ധന്യാ ബാലകൃഷ്ണ, ശ്രീനിവാസൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. രൺജി പണിക്കർ, ബിജു സോപാനം, ബേസിൽ ജോസഫ്, ജൂഡ് അന്തണി, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
വിനിത് ശ്രീനിവാസന് പിറകെ ശ്രീനിവാസൻ കുടുംബത്തിൽ നിന്ന് സംവിധാന രംഗത്തേക്കിറങ്ങിയ ധ്യാൻ ശ്രിനിവാസന്റെയും തുടക്കം ഒരു എന്റർടെയിനറിലൂടെയാണ്. അൽപം പാളിച്ചകളുണ്ടെങ്കിലും സംവിധാന അരങ്ങേറ്റം ധ്യാൻ മോശമാക്കിയില്ല. ഒരു രസക്കൂട്ടിന്റെ ചേരുവകൾ മിക്കതും നല്ലതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഓണക്കാലത്ത് അധികം ചിന്തിക്കാതെ കുടുംബത്തോടൊപ്പം കണ്ടിറങ്ങാവുന്ന ചിത്രമാണ് 'ലവ് ആക്ഷൻ ഡ്രാമ'.
വാൽക്കഷണം: നിവിന്റെ പുത്തൻ പ്രേമം
റേറ്റിംഗ്: 3/5